COVID 19Latest NewsNews

ആരോഗ്യവകുപ്പും പൊലീസും ഒരുമിച്ച് പ്രവർത്തിക്കും ; യുദ്ധം കൊവിഡിനെതിരെയെന്ന് ഐജി വിജയ് സാക്കറെ

കൊച്ചി : സർക്കാർ കൊവിഡ് പ്രതിരോധ ചുമതല പൊലീസിന് നൽകിയതിൽ കടുത്ത അതൃപ്തിയുമായി ആരോഗ്യപ്രവർത്തകർ രം​ഗത്തെത്തിയതിനു പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കൊവിഡ് നോഡൽ ഓഫീസർ വിജയ് സാക്കറെ. ആരോഗ്യവകുപ്പും പൊലീസും ഒരുമിച്ച് പ്രവർത്തിക്കുമെന്നും പൊലീസിന്റെ യുദ്ധം കൊവിഡിനെതിരെയാണെന്നും ഐജി വിജയ് സാക്കറെ പറഞ്ഞു. ജനാധിപത്യപരമായാണ് പൊലീസിന്റെ പ്രവർത്തനം. കണ്ടൈൻമെന്റ് കാര്യക്ഷമമായി നടപ്പാക്കുന്നതിന് പൊലീസിന് വൈദഗ്ധ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് പ്രതിരോധത്തിൽ ആരോഗ്യപ്രവർത്തകർ ചെയ്തിരുന്ന ജോലി കൂടി ഏൽപ്പിച്ച് പൊലീസിന് സർവ്വസ്വാതന്ത്ര്യം നൽകികൊണ്ടാണ് സർക്കാർ ഇന്നലെ നയം മാറ്റം പ്രഖ്യാപിച്ചത്. ഇതിനെതിരെ വ്യാപക എതിർപ്പാണ് ആരോഗ്യപ്രവർത്തകർക്കിടയിൽ ഉയരുന്നത്. ഡോക്ടർമാരുടെ സംഘടനകളായ കെജിഎംഒഎയും ഐഎംഎയും കടുത്ത അതൃപ്തിയറിയിച്ച് രം​ഗത്തെത്തി. തീരുമാനം ആരോഗ്യമേഖലയിലുള്ളവരുടെ മനോവീര്യം തകർക്കുമെന്നാണ് ഐഎംഎ വിമർശിച്ചത്. കെജിഎംഒഎയും ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയനും സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം അറിയിച്ചു.

അതേസമയം കൊവിഡ് പ്രതിരോധം ദുര്‍ബലമായെന്ന് പറയാതെ പറഞ്ഞാണ് ഐഎംഎ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്. കൊവിഡ് രോഗികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കലടക്കമുള്ള, ആരോഗ്യ പ്രവര്‍ത്തകരുടെ ജോലികൾ ചെയ്യേണ്ടത് പൊലീസാണോ എന്നാണ് ഐഎംഎയുടെ ചോദ്യം. നിയന്ത്രിത മേഖലകളില്‍ ആരോഗ്യ പ്രവര്‍ത്തകരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സാഹചര്യമുണ്ടെന്നും ഐഎംഎ കുറ്റപ്പെടുത്തി.

shortlink

Post Your Comments


Back to top button