Latest NewsNewsIndia

രാമക്ഷേത്ര ശിലാസ്ഥാപന ഭൂമിപൂജ : അയോദ്ധ്യ നഗരം കനത്ത സുരക്ഷാ വലയത്തില്‍

ലഖ്‌നൗ : രാമക്ഷേത്ര ശിലാസ്ഥാപന ഭൂമിപൂജ , അയോദ്ധ്യ നഗരം കനത്ത സുരക്ഷാ വലയത്തില്‍. ഭൂമിപൂജയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നു.അയോദ്ധ്യയില്‍ രണ്ടുമണിക്കൂര്‍ നേരം മാത്രമായിരിക്കും പ്രധാനമന്ത്രി ചെലവഴിക്കുക. ഭൂമി പൂജയോടനുബന്ധിച്ച് കനത്ത സുരക്ഷാവലയത്തിലാണ് അയോദ്ധ്യ.

Read Also : മഹാമാരിയുടെ പിടിയിലായതിനാല്‍ ഇക്കുറി മലബാറിന്റെ ആത്മാവായ  തെയ്യങ്ങൾ ഇല്ല

ഭൂമിപൂജയ്ക്ക് ശേഷം നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹന്ത് നൃത്യ ഗോപാല്‍ദാസ് എന്നീ അഞ്ചുപേര്‍ക്ക് മാത്രമാണ് വേദിയില്‍ ഇരിപ്പിടം അനുവദിച്ചിരിക്കുന്നത്.ലോകത്തെ 36 പ്രമുഖ പരമ്പരകളിലെ 135 സംന്യാസി ശ്രേഷ്ഠരുടെ സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടക്കുക.

രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ചുകൊണ്ട് 40 കിലോ വെള്ളിയില്‍ തീര്‍ത്ത ഇഷ്ടിക ഭൂമിപൂജാവേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാമജന്മഭൂമിയില്‍ സ്ഥാപിക്കും. രാമക്ഷേത്ര പ്രക്ഷോഭത്തിന് നേതൃത്വം വഹിച്ച എല്‍.കെ അദ്വാനി, മുരളീമനോഹര്‍ ജോഷി എന്നിവര്‍ ഓണ്‍ലൈനിലൂടെ പരിപാടിയില്‍ പങ്കെടുക്കും. കൊറോണ പ്രതിസന്ധി കണക്കിലെടുത്താണ് ഈ തീരുമാനം. ഉമാഭാരതിയും നാളെ അയോദ്ധ്യയിലെത്തുന്നുണ്ടെങ്കിലും ചടങ്ങില്‍ പങ്കെടുക്കില്ല. രാമജന്മഭൂമിയില്‍ ദര്‍ശനം നടത്തുമെന്നും ഉമാഭാരതി അറിയിച്ചിരുന്നു.

നാളെ രാവിലെ പ്രധാനമന്ത്രിയുടെ അയോദ്ധ്യ യാത്രയ്ക്ക് തുടക്കമാകും. 9.30ന് വിമാനത്തില്‍ ലക്നൗവിലേക്ക് തിരിക്കും. ലക്നൗവില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് അയോദ്ധ്യയിലേക്കുളള യാത്ര. മോദിയും സംഘവും 11.30ന് അയോദ്ധ്യയില്‍ എത്തും. അയോദ്ധ്യയിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തിയ ശേഷമാകും മോദി ഭൂമിപൂജ നടക്കുന്ന സ്ഥലത്തേയ്ക്ക് തിരിക്കുക.

12.40നാണ് ശിലാ സ്ഥാപന ചടങ്ങ്. ചടങ്ങ് ഒന്നര മണിക്കൂര്‍ നേരം നീണ്ടുനില്‍ക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് മോദി ലക്നൗവിലേക്ക് മടങ്ങിപ്പോകും.മോദി ഉള്‍പ്പെടെ 175 പ്രമുഖരെയാണ് ചടങ്ങിലേക്ക് രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button