ബംഗുളൂരൂ,ആഭ്യന്തരമന്ത്രി അമിത്ഷായെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കര്‍ണ്ണാടക കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആനന്ദ് പ്രസാദാണ് അറസ്റ്റിലായത്. കബന്‍പാര്‍ക്ക് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ യൂണിറ്റുമായി ബന്ധമുള്ള വ്യക്തിയാണ് ആനന്ദ് എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. അമിത് ഷായ്ക്ക് കൊറോണ സ്ഥിരീകരിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഇയാള്‍ ട്വിറ്റിലൂടെ മോശം പരാമര്‍ശം നടത്തിയത്. രാമമൂര്‍ത്തി നഗറിലെ വസതിയില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
സംഭവുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്ത ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സോഷ്യല്‍ മീഡിയ വര്‍ക്കറാണ് താന്‍ എന്നാണ് ആനന്ദ് ട്വിറ്ററിലൂടെ അവകാശപ്പെടുന്നത്. രാഹുല്‍ ഗാന്ധിയെ പൂച്ചെണ്ട് നല്‍കി സ്വീകരിക്കുന്ന ചിത്രവും ഇയാള്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.
എന്നാല്‍ ആനന്ദിനെ അറിയില്ലെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് ഉഗ്രപ്പ പറയുന്നത്. അയാളെ കണ്ടതായി പോലും ഓര്‍ക്കുന്നില്ല.താന്‍ ട്വിറ്റര്‍ ഉപയോഗിക്കില്ല. ഇക്കാരണത്താല്‍ തന്നെ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നുമാണ് ഉഗ്രപ്പയുടെ വിശദീകരണം.
Post Your Comments