Latest NewsKeralaNews

വാട്സ്ആപ്പ് അടക്കമുള്ള സാമൂഹികമാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നു; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി പോലീസ്

കോഴിക്കോട് : വാട്സ്ആപ്പ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നത് വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകി കേരള പോലീസ്. സാമൂഹികമാധ്യമ അക്കൗണ്ടുകൾ വ്യാപകമായി ഹാക്ക് ചെയ്യുന്നത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇതൊഴിവാക്കാൻ ഉപഭോക്താക്കൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നുമാണ് പോലീസിന്റെ സന്ദേശം.

ഹാക്കിങ് ഒഴിവാക്കാൻ ഉപഭോക്താക്കൾ ടൂ ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ ചെയ്യണമെന്നാണ് കേരള പോലീസ് ഫെയ്സ്ബുക്ക് പേജിലൂടെ ആവശ്യപ്പെട്ടത്. വാട്സാപ്പ് ഉപഭോക്താക്കൾ ഓതന്റിക്കേഷന്റെ ഭാഗമായി സെക്യൂരിറ്റി പിൻ നമ്പറും ഇ-മെയിലും ചേർക്കണമെന്നും കേരള പോലീസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അഭ്യർഥിച്ചു.

നിരവധി പേരാണ് തങ്ങളുടെ വാട്സാപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തെന്ന പരാതിയുമായി കഴിഞ്ഞദിവസങ്ങളിൽ രംഗത്തെത്തിയത്. പലരുടെയും ഡിസ്പ്ലേ പിക്ചർ(ഡി.പി.) അവരറിയാതെ ഹാക്കർമാർ മാറ്റിയിരുന്നു. മാത്രമല്ല, വാട്സാപ്പ് കോൺടാക്ടുകളിലേക്ക് അശ്ലീല ചിത്രങ്ങളും അശ്ലീല വെബ്സൈറ്റുകളുടെ ലിങ്കുകളും വ്യാപകമായി അയക്കുകയും ചെയ്തു. ഹാക്ക് ചെയ്യപ്പെട്ട നമ്പർ ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പുകളിലും ഇത്തരം അശ്ലീല സന്ദേശങ്ങൾ നിറഞ്ഞതായും പരാതികളുണ്ട്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഫോണിൽവിളിച്ച് പറയുമ്പോഴാണ് പലരും തങ്ങളുടെ വാട്സാപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത വിവരമറിയുന്നത്. ഇത്തരത്തിലുള്ള പരാതികൾ വർധിച്ചതോടെയാണ് പോലീസ് തന്നെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button