കാഠ്മണ്ഡു : കാലാപാനി, ലിപുലേഖ്, ലിംപിയാദുര, എന്നീ ഇന്ത്യൻ ഭൂപ്രദേശങ്ങൾ ചേർത്തുള്ള
പുതുക്കിയ നേപ്പാൾ ഭൂപടം ഇന്ത്യ ഉൾപ്പെടെയുള്ള ലോക സമൂഹത്തിനും ഐക്യ രാഷ്ട്രസഭക്കും അയച്ചുകൊടുക്കുമെന്ന് നേപ്പാൾ ഭൂ പരിപാലന-സഹകരണ- ദാരിദ്ര്യ നിർമാർജ്ജന വകുപ്പ് മന്ത്രി പദ്മ ആര്യാൽ പറഞ്ഞു. ഈ മാസം പകുതിയോടെ ഈ പ്രക്രിയ പൂർണമാവുമെന്നും അവർ വ്യക്തമാക്കി.
ഇംഗ്ലീഷ് ഭാഷയിൽ തയാറാക്കിയ പുതുക്കിയ നേപ്പാൾ ഭൂപടത്തിന്റെ 4000 പകർപ്പുകൾ അന്താരാഷ്ട്ര സമൂഹത്തിന് അയച്ചുകൊടുക്കുവാൻ മന്ത്രാലയം ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ഭൂപടത്തിന്റെ 25,000ത്തോളം പകർപ്പുകൾ രാജ്യമെമ്പാടും വിതരണം ചെയ്തിട്ടുണ്ട്. വിവിധ പ്രവിശ്യകളിലും സർക്കാർ ഓഫീസുകളിലും ഇത് സൗജന്യ നിരക്കിൽ നൽകും. മെയ് 20നാണ് നേപ്പാൾ സർക്കാർ ഇന്ത്യൻ പ്രദേശങ്ങളായ കാലാപാനി, ലിപുലേഖ്, ലിംപിയാദുര, എന്നിവ ചേർത്ത് ഭൂപടം പുതുക്കി പ്രസിദ്ധീകരിച്ചത്.
അതേസമയം, നേപ്പാളിന്റെ ഏകപക്ഷീയമായ നീക്കം ചരിത്ര വസ്തുതകളെയും തെളിവുകളെയും അടിസ്ഥാനമാക്കിയല്ലെന്ന് ഇന്ത്യ പ്രതികരിച്ചു. അതിർത്തി തർക്കം പരിഹരിക്കുന്നതിനുള്ള ഉഭയകക്ഷി പ്രവർത്തനങ്ങൾക്കും നയതന്ത്ര ചർച്ചകൾക്കും കടകവിരുദ്ധമാണ് നേപ്പാളിന്റെ ഈ നീക്കമെന്നും ഇത്തരം കൃത്രിമമായ ഭൂവിസ്തൃതി വർദ്ധിപ്പിക്കൽ അവകാശവാദം അംഗീകരിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
Post Your Comments