KeralaLatest NewsNews

സ്വര്‍ണക്കടത്ത് കേസ് ; ഹൈക്കോടതി മുന്‍ ജഡ്ജിയും എന്‍ഐഎ നിരീക്ഷണത്തില്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഹൈക്കോടതി മുന്‍ ജഡ്ജിയും എന്‍ഐഎ നിരീക്ഷണത്തില്‍. ഇദ്ദേഹത്തോട് എറണാകുളം ജില്ല വിട്ടുപോകരുതെന്ന് നിര്‍ദേശിച്ചു. അതിനിടെ കേസില്‍ ഇദ്ദേഹത്തിന്റെ വളരെ അടുത്ത ബന്ധുവായ അഭിഭാഷകനെ ചെന്നൈയില്‍ കസ്റ്റഡിയിലെടുത്ത് എന്‍ഐഎ ഡിഐജി കെബി വന്ദന ചോദ്യം ചെയ്യുകയാണ്.

കേരളത്തിലെ സ്വര്‍ണക്കടത്തിന് കൊല്‍ക്കത്തയുമായി ബന്ധമുണ്ടെന്നും ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ അഭിഭാഷകന്‍ മുഖേനയാണ് ഈ ബന്ധം ഉണ്ടാക്കിയതെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു. കൂടാതെ ഇദ്ദേഹം മുമ്പ് അംഗമായിരുന്ന ഒരു ട്രസ്റ്റ് വിദേശഫണ്ട് സ്വീകരിച്ചതും അന്വേഷിക്കുന്നുണ്ട്. ജില്ലയിലെ ഒരു സ്‌കൂളിന്റെ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് ഇസ്ലാമിക ബാങ്കില്‍ നിന്നു വായ്പയെടുക്കാനുള്ള ശ്രമമാണ് മുന്‍ ജഡ്ജിയ്‌ക്കെതിരെ സംശയം വര്‍ധിപ്പിച്ചത്.

സര്‍വീസിലായിരുന്ന വേളയില്‍ ചില കേസുകളില്‍ പക്ഷപാതം കാണിച്ചെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ജാമ്യാപേക്ഷയില്‍ തീര്‍പ്പു കല്‍പ്പിച്ചതിനെത്തുടര്‍ന്നായിരുന്നു ഈ ആരോപണം. കൊച്ചി കേന്ദ്രീകരിച്ചു നടന്ന സ്വര്‍ണക്കടത്ത് കേസില്‍ നൂറ് കോടിയോളം രൂപ പിഴ ഈടാക്കി വിട്ടുകൊടുക്കാന്‍ ഇദ്ദേഹം വിധിച്ചിരുന്നു. ഇതിലെ പ്രതികളെ കുറിച്ചും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.

കേരള ഹൈക്കോടതിയില്‍ നിന്ന് വിരമിച്ചതിനു ശേഷം നഗരത്തില്‍ തന്നെയാണ് താമസം. ജഡ്ജിയാവുന്നതിനു മുമ്പ് ഒന്നിലേറെ തവണ സര്‍ക്കാര്‍ അഭിഭാഷകനായിരുന്നു. ഇസ്ലാമിക ബാങ്കില്‍ നിന്നു വായ്പയെടുക്കാനുള്ള ശ്രമവും സ്വര്‍ണക്കടത്ത് കേസില്‍ ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ അഭിഭാഷകന് കൊല്‍ക്കത്തയിലെ മാഫിയയുമായുള്ള ബന്ധവുമാണ് അന്വേഷണം ഇദ്ദേഹത്തിലും എത്തിച്ചിരിക്കുന്നത്.

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന സമയത്ത് കൊല്‍ക്കത്തയില്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകനായിരുന്നു. ഇയാളാണ് സ്വര്‍ണക്കടത്തിന്റെ കൊല്‍ക്കത്തയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നാണ് സൂചന.

അതേസമയം കേസില്‍ മൂന്നു പേരെ കൂടി തമിഴ്‌നാടില്‍ നിന്ന് എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തു. തിരുച്ചിറപ്പള്ളിയില്‍ നിന്നുള്ള ഏജന്റുമാരാണ് ഇവര്‍. അതിനിടെ കസ്റ്റഡിയിലുള്ള സന്ദീപിന്റെയും സ്വപ്‌ന സുരേഷിന്റെയും കസ്റ്റഡി കാലാവധി അവസാനിച്ചതോടെ 21 വരെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button