തൊഴില്‍ അന്വേഷകര്‍ക്ക് പകരം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പ്രാധാന്യം നല്‍കിയാണ് ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വിദ്യാഭ്യാസത്തിന്റെ ഉദ്ദേശവും ഉള്ളടക്കവും മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണിന്റെ 2020 ന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തത്. ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പരിഷ്‌ക്കാരങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇന്റര്‍ ഡിസിപ്ലിനറി പഠനത്തിന് ഊന്നല്‍ നല്‍കി കൊണ്ടാണ് ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന വിഷയം പഠിക്കാന്‍ സാധിക്കും. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് നിര്‍ണായക പങ്കുവഹിക്കാന്‍ ഇന്ത്യയും മാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താനുള്ള കഴിവ് യുവാക്കള്‍ക്കുണ്ട്. പ്രതിബന്ധങ്ങളെ അതിജീവിക്കാന്‍ യുവത്വത്തിന് സാധിക്കും. വിദ്യാര്‍ത്ഥികളുടെ കൈകളില്‍ ഭാരതത്തിന്റെ ഭാവി സുരക്ഷിതമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Post Your Comments