അഗർത്തല : 15ാം വയസിൽ വിവാഹിതയായ യുവതി 19-വയസിൽ പ്ലസ്ടുവിന് നേടിയത് ഉന്നത വിജയവും റാങ്കും. രണ്ടര വയസുകാരന്റെ അമ്മയായ സംഘമിത്ര ദേബാണ് 12ാം ക്ലാസ് പരീക്ഷയിൽ മിന്നും വിജയം സ്വന്തമാക്കിയത്. വെള്ളിയാഴ്ച ത്രിപുര ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ പ്രസിദ്ധീകരിച്ച 12ാം ക്ലാസ് പരീക്ഷ ഫലത്തിലാണ് ദേബ് ആദ്യ പത്ത് റാങ്കുകാരിൽ ഒരാളായി മറിയത്. ആർട്സ് വിഭാഗത്തിൽ പഠനം പൂർത്തിയാക്കിയ അവർ 92.6 ശതമാനം മാർക്കുമായി സ്വന്തം വിഭാഗത്തിൽ ഏഴാം റാങ്കും എല്ലാ വിഭാഗങ്ങളിലുമായി ഒമ്പതാം സ്ഥാനത്തുമെത്തി.
അഗർത്തലയിൽ നിന്നും 10 കിലോമീറ്റർ അകലെ ഗാന്ധിഗ്രാം ആണ് യുവതിയുടെ സ്വദേശം. കശ്മീരിൽ സേവനമനുഷ്ഠിക്കുന്ന ബി.എസ്.എഫ് ജവാൻ രാജു ഘോഷാണ് ഭർത്താവ്. ‘വീട്ടുജോലികൾക്കൊപ്പം എന്റെ റ കുഞ്ഞിന്റെ കാര്യങ്ങൾ കുടി നിറവേറ്റിയ ശേഷമാണ് ഞാൻ പഠിച്ചത്. വീട്ടുകാർ നന്നായി സഹായിച്ചു. ഫലത്തിൽ ഞാൻ അതീവ സന്തുഷ്ഠയാണ്. ഇപ്രകാരം തന്നെ ഡിഗ്രിയും നേടാൻ ആഗ്രഹിക്കുന്നു’ ദേബ് പറഞ്ഞു.
ഇതേ പ്രദേശത്ത് നിന്ന് തന്നെയുള്ള കർഷകന്റെ മകളാണ് ദേബ്. ഹൈസ്കൂൾ തലത്തിൽ 77 ശതമാനം മാർക്ക് നേടിയെങ്കിലും ചെറുപ്രായത്തിൽ വിവാഹം കഴിഞ്ഞതിനാൽ പഠനത്തിൽ ഇടവേള വന്നു. അതേസമയം ഉന്നത വിജത്തിന്റെ ആരവങ്ങൾക്കിടയിലും ശൈശവ വിവാഹം ചോദ്യചിഹ്നമായി തുടരുകയാണ്. സംസ്ഥാനത്തെ ഗ്രാമീണ മേഖലയിൽ ശൈശവ വിവാഹങ്ങൾ തടയാനാകുന്നില്ല. ഈയിടെ നടത്തിയ ഒരു പഠനത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ശൈശവ വിവാഹങ്ങൾ നടക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി മാറിയിരിക്കുകയാണ് ത്രിപുര.
Post Your Comments