വാഷിങ്ടൺ: ചൈനീസ് ആപ്പായ ടിക് ടോക്ക് അമേരിക്കയിൽ നിരോധിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെ മാതൃസ്ഥാപനമായ ബൈറ്റ് ഡാൻസിൽ നിന്നും വേർപെടാനൊരുങ്ങി ടിക് ടോക്ക്. അതേസമയം പുതിയ വാർത്തകളനുസരിച്ച് മൈക്രോസോഫ്റ്റ് ടിക് ടോക്ക് വാങ്ങിയേക്കുമെന്നാണ് സൂചന.
ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ ഷെയറിങ് സേവനമാണ് ടിക് ടോക്ക്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് ടിക് ടോക്ക് ആപ്പിന് മേല്‍ അമേരിക്കന്‍ ഭരണകൂടം ആശങ്കകള്‍ ഉന്നയിച്ച സാഹചര്യത്തില്‍ ഘടനയില്‍ മാറ്റം വരുത്താനുള്ള ശ്രമത്തിലാണ് കമ്പനി. ടിക് ടോക്കിന് മേലുള്ള ചൈനീസ് കമ്പനിയുടെ നിയന്ത്രണാധികാരത്തിലാണ് അമേരിക്ക ആശങ്ക ഉന്നയിക്കുന്നത്. അതുകൊണ്ട് ടിക് ടോക്കിന്റെ അമേരിക്കയിലെ ഉടമസ്ഥാവകാശം അമേരിക്കന്‍ കമ്പനികള്‍ക്ക് കൈമാറാന്‍ ഭരണകൂടം നിര്‍ദേശിച്ചേക്കും. ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം വെള്ളിയാഴ്ചയോടെ ഉണ്ടായേക്കും.
ഈ സാഹചര്യത്തിലാണ് മുന്‍നിര അമേരിക്കന്‍ കമ്പനിയായ മൈക്രോസോഫ്റ്റ് ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്. എന്നാല്‍ ഇരുകമ്പനികളും ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരണം നല്‍കിയിട്ടില്ല.
2017-ലാണ് ബൈറ്റ്ഡാന്‍സ് മ്യൂസിക്കലി എന്ന ആപ്ലിക്കേഷന്‍ ഏറ്റെടുക്കുകയും അത് ടിക് ടോക്കുമായി ലയിപ്പിക്കുകയും ചെയ്തത്. അമേരിക്കന്‍ സോഷ്യല്‍ മീഡിയ വിപണിയില്‍ വലിയ നേട്ടമുണ്ടാക്കാന്‍ ഈ ചൈനീസ് സോഷ്യല്‍ മീഡിയ സേവനത്തിന് സാധിക്കുകയും ചെയ്തു. ഈ രീതിയില്‍ നേട്ടമുണ്ടാക്കിയ ആദ്യ ചൈനീസ് ആപ്പും ടിക് ടോക്ക് തന്നെയാണ്. ചൈനീസ് കമ്പനിയുടെ സോഷ്യല്‍ മീഡിയ സേവനത്തിന് രാജ്യത്ത് ജനപ്രീതി വര്‍ധിച്ചതോടെയാണ് അമേരിക്കന്‍ ഭരണപ്രതിനിധികള്‍ ആപ്പിന് മേല്‍ ആശങ്കകള്‍ ഉന്നയിച്ചത്. അമേരിക്കന്‍ പൗരന്മാരുടെ വിവരങ്ങള്‍ ചൈനീസ് സര്‍ക്കാരിന് കൈക്കലാക്കാന്‍ ഇത് വഴിയൊരുക്കുമെന്ന് അവര്‍ ആശങ്ക ഉന്നയിച്ചു.
Post Your Comments