ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിലൊരാളാണ് മഹേന്ദ്ര സിംഗ് ധോണി. ഐസിസിയുടെ എല്ലാ ടൂര്‍ണമെന്റുകളിലും കിരീടം നേടിയിട്ടുള്ള ഏക നായകനാണ് ധോണി. എന്നാല്‍ 2019 ലോകകപ്പിന് ശേഷം താരം കളത്തില്‍ ഇറങ്ങിയിട്ടില്ല. മാത്രവുമല്ല ധോണി അധികം താമസിയാതെ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.
ധോണി വിരമിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയൊരു ശൂന്യത സൃഷ്ടിക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതിനിടയില്‍ ഇപ്പോളിതാ ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത മഹേന്ദ്ര സിംഗ് ധോണി ആരായിരിക്കുമെന്ന കാര്യത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്തും ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെയും ഇന്ത്യന്‍ ടീമിലെയും അദ്ദേഹത്തിന്റെ സഹതാരവുമായ സുരേഷ് റെയ്‌ന. സൂപ്പര്‍ ഓവര്‍ പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് റെയ്‌ന ഇക്കാര്യത്തെ കുറിച്ച് വ്യക്തമാക്കിയത്.
രോഹിത് ശര്‍മ്മയെയാണ് അടുത്ത ധോണിയായി റെയ്‌ന ചൂണ്ടിക്കാട്ടുന്നത്. രോഹിതിന്റെ നായക മികവാണ് ഇത്തരമൊരു സെലക്ഷന്‍ നടത്താനുള്ള കാരണമായി റെയ്‌ന പറയുന്നത്. രോഹിത് ശാന്തനായ താരമാണെന്നും, മറ്റുള്ളവരെ ശ്രവിക്കാന്‍ എല്ലായ്‌പ്പോളും തയ്യാറാകുന്നയാളാണെന്നും ഒരു ക്യാപ്റ്റനായി മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ സഹകളിക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ ഇഷ്ടപ്പെടുന്ന നായകനാണെന്നും റെയ്‌ന പറയുന്നു.
മുന്നില്‍ നിന്ന് നയിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് രോഹിതെന്നാണ് റെയ്‌നയുടെ പക്ഷം. ഇതിനൊപ്പം ഡ്രെസ്സിംഗ് റൂമിന്റെ അന്തരീക്ഷത്തെ ബഹുമാനിക്കാന്‍ അദ്ദേഹത്തിന് നല്ല രീതിയില്‍ അറിയാമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വിരാട് കോഹ്ലിക്ക് ഡെപ്യൂട്ടി ആയിരിക്കുന്നതിനു പുറമേ, ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ക്യാപ്റ്റനെന്ന നിലയില്‍ മികച്ച കരിയര്‍ നേടിയ ശര്‍മ നാല് തവണ കിരീടം നേടിയിട്ടുണ്ട്. ഐപിഎല്ലിലെ ക്യാപ്റ്റനെന്ന നിലയില്‍ ധോണിക്ക് വിജയശതമാനം കൂടുതലാണ്, എന്നാല്‍ ശര്‍മയ്ക്ക് കൂടുതല്‍ കിരീടങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments