തിരുവനന്തപുരം : കേരളത്തിന് ഇനി ആശങ്കാജനകമായ സാഹചര്യങ്ങള്‍, വരും ദിവസങ്ങളില്‍ കോവിഡ് ഇരട്ടിയിലധികമാകും. സാമൂഹിക അകലം പാലിക്കലും, മാസ്‌ക് ധരിയ്ക്കലും മാത്രമാണ് ഇതിന് പ്രതിവിധിയെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതേസമയം, കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ച് ജൂലൈ 30ന് ആറുമാസം പിന്നിടുമ്പോള്‍ മുന്നിലുള്ളത് ആശങ്കാജനകമായ സാഹചര്യങ്ങള്‍ മാത്രമാണ്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 10 ലക്ഷം പേരില്‍ 666 പേര്‍ക്കും കേരളത്തില്‍ കോവിഡ് ബാധിച്ചു. മേയ് 1ന് ഇത് 10 ലക്ഷത്തില്‍ 14 പേര്‍ക്കായിരുന്നു. ജൂണ്‍ 1ന് 10 ലക്ഷത്തില്‍ 37, ജൂലൈ ഒന്നിന് പത്തു ലക്ഷത്തില്‍ 130 എന്നിങ്ങനെയായിരുന്നു രോഗബാധിതര്‍. ഇതിലാണ് ഒരു മാസത്തിനിടെ അഞ്ചിരട്ടിയിലേറെ വര്‍ധനവുണ്ടായിരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയിലെ കണക്കെടുത്താല്‍ പ്രതിദിനം 5% വീതമാണ് കേരളത്തില്‍ പുതിയ കേസുകള്‍ കൂടിയത്. ജൂലൈയില്‍ മാത്രം രോഗബാധിതര്‍ 19,171 പേര്‍. അതായത് സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരില്‍ 81.19% കേസുകളും റിപ്പോര്‍ട്ട് ചെയ്തത് ജൂലൈയിലായിരുന്നു. കേരളത്തില്‍ ഇതുവരെ 14,007 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ 12,603 കേസുകളും ജൂലൈയിലായിരുന്നു-അതായത് 89.98%. കേരളത്തിനു പുറത്തുനിന്നെത്തിയ കോവിഡ് ബാധിതരുടെ എണ്ണം ജൂലൈ 31 വരെ 9606 ആണ്.
നിലവില്‍ കേരളത്തിലെ ഒരു ജില്ലയില്‍ പോലും കോവിഡ് സജീവ രോഗികള്‍ കുറയുന്ന ‘ഫ്‌ലാറ്റന്‍ ദ് കര്‍വ്’ സാഹചര്യമില്ല. എറണാകുളം ഇടയ്ക്ക് ഫ്‌ലാറ്റന്‍ ദ് കര്‍വിന്റെ സൂചനകള്‍ നല്‍കിയെങ്കിലും അവിടെയും കേസുകള്‍ കുത്തനെ കൂടുകയാണ്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലും കോവിഡ് സജീവ രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിച്ചു കയറ്റവുമാണ്.
Post Your Comments