Latest NewsKeralaNews

ജോണ്‍ ബ്രിട്ടാസിനെതിരായ പരിഹാസം റീ ട്വീറ്റ് ചെയ്ത് വിനു വി ജോണ്‍.

സിപിഐഎമ്മിന്റെ ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണത്തിന് പിന്നാലെ പ്രൈം ടൈം ചാനല്‍ ചര്‍ച്ചകളില്‍ മത്സരംകൊഴുക്കുമ്പോഴാണ് വിനുവിന്റെ റീ ട്വീറ്റ്

കൈരളി ന്യൂസ് ചാനല്‍ എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസിനെതിരായ പരിഹാസം റീ ട്വീറ്റ് ചെയ്ത് ഏഷ്യാനെറ്റ് ന്യൂസ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ വിനു വി ജോണ്‍. സിപിഐഎമ്മിന്റെ ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണത്തിന് പിന്നാലെ പ്രൈം ടൈം ചാനല്‍ ചര്‍ച്ചകളില്‍ മത്സരംകൊഴുക്കുമ്പോഴാണ് വിനുവിന്റെ റീ ട്വീറ്റ്.ഏഷ്യാനെറ്റ് ന്യൂസ്, മനോരമാ ന്യൂസ് ഉള്‍പ്പെടെയുള്ള ചാനലുകള്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കിയപ്പോള്‍ കൈരളി ന്യൂസിലെ ന്യൂസ് ആന്‍ഡ് വ്യൂസ് എന്ന പ്രൈം ടൈം ഡിബേറ്റ് അവതാരകനായി ജോണ്‍ ബ്രിട്ടാസ് രംഗത്ത് വന്നിരുന്നു. ബാര്‍ക്ക് റേറ്റിംഗില്‍ ജനം ടിവിക്ക് പിന്നിലായിരുന്നു കൈരളി ന്യൂസ് ബ്രിട്ടാസിന്റെ ചര്‍ച്ച പിന്നാലെ റേറ്റിംഗില്‍ മുന്നേറി. ന്യൂസ് 18 കേരളയില്‍ നിന്ന് രാജിവച്ച ശരത് ചന്ദ്രനെ എക്‌സിക്യുട്ടീവ് എഡിറ്ററാക്കി കൈരളിയുടെ എഡിറ്റോറിയല്‍ ബോര്‍ഡും അഴിച്ചുപണിതു.

‘ബ്രിട്ടാസ് ന്യൂസ് ആന്‍ഡ് വ്യൂസ് എന്ന പേരില്‍ ജേണലിസം ക്ലാസ് എടുക്കുന്നുണ്ട് കൈരളി ടിവിയില്‍. സൗജന്യം ആണ്. മിസ്സായാല്‍ വിഷമിക്കേണ്ട. ഇപ്പോള്‍ എന്നും ഉണ്ട്. അത് കൊണ്ട് നാളെയും പ്രതീക്ഷിക്കാം. വാചാലന്‍ ആണ് ബ്രിട്ടാസ്. മരട് ഫ്‌ലാറ്റ് പൊളിച്ചപ്പോള്‍ ഉണ്ടായിരുന്ന മൗനം ഇല്ല’-എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ റെജിമോന്‍ കുട്ടപ്പന്റെ ട്വീറ്റ്. ഈ ട്വീറ്റ് ആണ് വിനു വി ജോണ്‍ റീ ട്വീറ്റ് ചെയ്തത്.ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചകളില്‍ സിപിഐഎമ്മിന് സംസാരിക്കാന്‍ വേണ്ടത്ര സമയം അനുവദിക്കുന്നില്ലെന്നും അതിഥികളായി എത്തുന്ന നേതാക്കളെ വ്യക്തിപരമായി അപമാനിക്കുന്നുവെന്നും സിപിഐഎം ബഹിഷ്‌കരണത്തിന് വിശദീകരണമായി പറഞ്ഞിരുന്നു.

ജോണ്‍ ബ്രിട്ടാസിന്റെ ന്യൂസ് ആന്‍ഡ് വ്യൂസ് സാമൂഹ്യമാധ്യമങ്ങളിലും കാഴ്ചക്കാരെ വര്‍ധിപ്പിച്ചിട്ടുണ്ട്.പാരിസ്ഥിതിക ലംഘനത്തെ തുടര്‍ന്ന് സുപ്രീം കോടതി പൊളിച്ച മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ ജോണ്‍ ബ്രിട്ടാസിന് ഫ്‌ളാറ്റ് ഉണ്ടായിരുന്നു. ഫ്‌ളാറ്റ് പൊളിക്കാനുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ സിപിഐഎമ്മും സംസ്ഥാന സര്‍ക്കാരും നിലപാടെടുത്തത് വിമര്‍ശിക്കപ്പെട്ടപ്പോള്‍ ജോണ്‍ ബ്രിട്ടാസിന് മരടില്‍ ഫ്‌ളാറ്റുണ്ടെന്ന വാര്‍ത്തകള്‍ ഇതിനൊപ്പം വന്നിരുന്നു. മരടിലെ ഫ്ളാറ്റുകളുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴച്ച് അസത്യങ്ങളും അസംബന്ധങ്ങളും പ്രചരിപ്പിക്കുകയാണ്.

പതിമൂന്നോ പതിനാലോ വര്‍ഷം മുന്‍പ്, ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലേക്ക് തിരികെ വന്നപ്പോള്‍ മരടില്‍ ഒരു ഫ്ളാറ്റ് ബുക്ക് ചെയ്യുകയായിരുന്നുവെന്നും ആ ഘട്ടത്തില്‍ ജോണ്‍ ബ്രിട്ടാസ് വിശദീകരിച്ചിരുന്നു. റെയില്‍വേയില്‍ ഉദ്യോഗസ്ഥയായ ഭാര്യക്ക് കേരളത്തിലേക്ക് സ്ഥലംമാറ്റം കിട്ടാന്‍ സാധ്യത ഉണ്ടെന്നതിനാലാണ് കൊച്ചിയില്‍ ഫ്ളാറ്റ് എടുത്തത്.20-22 ലക്ഷം രൂപക്ക് തെറ്റില്ലാത്ത ഫ്ളാറ്റുകള്‍ ലഭിച്ചിരുന്നതുകൊണ്ടുമാണ് ഇവിടെ വാങ്ങിച്ചതെന്നും ബ്രിട്ടാസ് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button