കുടിശ്ശിക തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് മുംബൈയിലെ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന റിലയന്‍സിന്റെ സാന്താക്രൂസിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്‌സും ദക്ഷിണ മുംബൈയിലുള്ള രണ്ട് ഓഫീസുകളും യെസ് ബാങ്ക് പിടിച്ചെടുത്തു. റിലയന്‍സ് ഇന്‍ഫ്രസ്ട്രക്ചറിന് നല്‍കിയ വായ്പ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണിത്. 2,892 കോടി രൂപയുടെ കുടിശ്ശിക തിരിച്ചടയ്ക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
21,432 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഭൂമിയിലാണ് ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്നത്. മറ്റ് രണ്ട് പ്രോപ്പര്‍ട്ടികള്‍ ദക്ഷിണ മുംബൈയിലെ നാഗിന്‍ മഹലിലെ രണ്ട് വ്യത്യസ്ത നിലകളിലായാണ് നില കൊള്ളുന്നത്. ഇവ യഥാക്രമം 1,717 ചതുരശ്ര അടി, 4,936 ചതുരശ്ര അടി വിസ്തൃതിയാണ് ഉള്ളത്. മുംബൈ എയര്‍പോര്‍ട്ടിന് സമീപമുള്ള സാന്താക്രൂസിലെ ഓഫീസിലേയ്ക്ക് 2018ലാണ് കമ്പനിയുടെ ആസ്ഥാനം മാറ്റിയത്. റിലയന്‍സ് ക്യാപിറ്റല്‍, റിലയന്‍സ് ഹൗസിങ് ഫിനാന്‍സ്, റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയ കമ്പനികളുടെ ഓഫീസുകളും ഇവിടെതന്നെയാണ് പ്രവര്‍ത്തിച്ചിരുന്നത്.
അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിലെ (എ.ഡി.എ.ജി) മിക്കവാറും എല്ലാ പ്രമുഖ കമ്പനികളും സാന്റാക്രൂസ് ഓഫീസില്‍ നിന്ന് ‘റിലയന്‍സ് സെന്റര്‍’ എന്ന പേരിലാണ് പ്രവര്‍ത്തിക്കുന്നത്.
അതിനിടെ പലഓഫീസുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. കോവിഡ് വ്യാപനംമൂലം അടച്ചിട്ടപ്പോള്‍ ജീവനക്കാരില്‍ പലരും വീട്ടിലിരുന്നാണ് ജോലിചെയ്യുന്നത്. അനില്‍ അംബാനി ഗ്രൂപ്പിന് ബാങ്കില്‍ 12,000 കോടിയിലേറെ ബാധ്യതായണുള്ളത്.
2018 ല്‍ കമ്പനി മുംബൈ എനര്‍ജി ബിസിനസ് 18,800 കോടി രൂപയ്ക്ക് അദാനി ട്രാന്‍സ്മിഷന് വിറ്റു, ഇത് കടം 7,500 കോടി രൂപയായി കുറയ്ക്കാന്‍ സഹായിച്ചു. 6,000 കോടി രൂപ കുടിശ്ശികയുള്ള ആര്‍-ഇന്‍ഫ്ര ഈ സാമ്പത്തിക വര്‍ഷം പൂര്‍ണമായും കടക്കെണിയിലാകുമെന്ന് ജൂണ്‍ 23 ന് അനില്‍ അംബാനി അവകാശപ്പെട്ടിരുന്നു.
Post Your Comments