മലപ്പുറം : സ്വര്‍ണക്കടത്തു കേസില്‍ എന്‍ഐഎ അന്വേഷണം കോഴിക്കോട് വിമാനത്താവളത്തിലേക്കും വ്യാപിപ്പിക്കുന്നു. തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ കെ.ടി.റമീസ് കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ചു പല തവണ സ്വര്‍ണം കടത്തിയിരുന്നതായാണു വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കോഴിക്കോടേക്കും വ്യാപിപ്പിക്കുന്നത്. കാര്‍ഗോ വഴി 2015 ല്‍ 17.5 കിലോഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ റമീസ് പ്രതിയായിരുന്നു.
കോഴിക്കോട് വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ കോംപ്ലക്‌സ് വഴിയുള്ള സ്വര്‍ണക്കടത്തു സംഭവങ്ങളെക്കുറിച്ചും കഴിഞ്ഞ 2 വര്‍ഷത്തിനിടെ വിമാനത്താവളത്തില്‍ പിടികൂടിയ സ്വര്‍ണക്കടത്തു കേസുകളുടെയും അറസ്റ്റിലായ പ്രതികളുടെയും വിശദാംശങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ കസ്റ്റംസില്‍ നിന്നു തേടിയിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 230 കിലോഗ്രാം സ്വര്‍ണമാണ് കോഴിക്കോട്ടെ എയര്‍ കസ്റ്റംസ് പിടികൂടിയത്. 2018ല്‍ 178 കിലോഗ്രാമും പിടിച്ചെടുത്തിരുന്നു. ഈ സംഭവങ്ങളില്‍ അറസ്റ്റിലായവരില്‍ ഭൂരിഭാഗവും കാരിയര്‍മാരാണെങ്കിലും അവര്‍ക്കു റമീസ് അടക്കമുള്ളവരുമായി ബന്ധമുണ്ടോയെന്നത് എന്‍ഐഎ പരിശോധിക്കും. ഇതിന്റെ ഭാഗമായി പ്രതികളുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിശദമായ വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments