മുംബൈ : മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ പ്രതിദിനരോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. ഇന്ന് 11,147 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 266 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 4,11,798 ആയി ഉയർന്നു. 2,48,615 പേർ ഇതുവരെ രോഗമുക്തരായി. 8,860 പേർ വ്യാഴാഴ്ച മാത്രം രോഗം ഭേദമായി ആശുപത്രി വിട്ടു. 60.37 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 1,48,150 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. സംസ്ഥാനത്തുടനീളം 20,70,128 സാംപിളുകൾ ഇതുവരെ പരിശോധിച്ചു.
ആന്ധ്രാപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,167 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,30,557 ആയി വർധിച്ചു. കോവിഡ് മരണം 1,281 ആയി. 60,024 പേർ ഇതുവരെ രോഗമുക്തരായി. ഏഴുപതിനായിരത്തോളം രോഗികൾ നിലവിൽ ചികിത്സയിലുണ്ട്.
തമിഴ്നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം 2.40 ലക്ഷത്തിലേക്ക് അടുക്കുകയാണ്. വ്യാഴാഴ്ച 5,864 പേർക്ക് രോഗം സ്ഥിരീകരിച്ചു. 97 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 3,838 ആയി. 5,295 പേർ വ്യാഴാഴ്ച മാത്രം രോഗമുക്തരായി. 57,962 പേരാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. അതിനിടെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 31 വരെ നീട്ടി. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം.
കർണാടകയിലും രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. വ്യാഴാഴ്ച 6,128 പേർക്ക് പുതുതായി രോഗം പിടിപെട്ടു. 83 പേർ മരിച്ചു. 1,18,632 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 2,230 ആയി ഉയർന്നു. 46,694 പേർ ഇതിനോടകം രോഗമുക്തരായി. 69,700 പേർ ചികിത്സയിൽ തുടരുകയാണ്.
ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,093 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 1,34,403 ആയി. മരണസംഖ്യ നാലായിരത്തിലേക്ക് അടുക്കുന്നു. വ്യാഴാഴ്ച 29 പേരുടെ ജീവൻ നഷ്ടമായി. 1,19,724 പേർ ഇതുവരെ സംസ്ഥാനത്ത് രോഗമുക്തി നേടി.
Post Your Comments