KeralaLatest NewsNews

രാജ്യത്ത് ആദ്യം കോവിഡ് സ്ഥിരീകരിച്ച തൃശൂര്‍ സ്വദേശിനിയായ വിദ്യാർത്ഥിനിയ്ക്ക് പറയാനുള്ളത്

തൃശൂര്‍ • ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചിട്ട് ജൂലൈ 30ന് ആറു മാസം പൂർത്തിയാവുന്നു. ചൈനയിലെ വുഹാനിൽ മെഡിക്കൽ വിദ്യാർത്ഥിനി മതിലകം സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂർ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും ചികിത്സ. ഫെബ്രുവരി 20 ന് ആശുപത്രി വിട്ടു. ചൈനയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കുമ്പോൾ തുടർ പഠനത്തിനായി മടങ്ങാനൊരുങ്ങുന്ന മെഡിക്കൽ വിദ്യാർത്ഥിനി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിനോട് തന്റെ അനുഭവം പങ്ക് വെച്ചു. രോഗം സ്ഥിരീകരിച്ചതിനു ശേഷം കടന്നു പോയ മാനസികാവസ്ഥയെക്കുറിച്ചും ആരോഗ്യമന്ത്രി കെ കെ ശൈലജ മുതൽ മുതൽ ഹെൽത്ത് ഇൻസ്‌പെക്ടർ വരെ പുലർത്തിയ ജാഗ്രതയെക്കുറിച്ചും അവർ സംസാരിച്ചു.

‘വുഹാനിൽ നിന്ന് യാത്ര തിരിക്കുമ്പോൾ ഇന്ത്യാ ഗവണ്മെന്റിന്റെ നിർദ്ദേശങ്ങൾ ചൈനയിലെ ഇന്ത്യൻ എംബസി ഞങ്ങൾക്ക് നൽകിയിരുന്നു. 28 ദിവസം ക്വാറന്റീൻ വേണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. ജനുവരി 23ന് യാത്ര തിരിച്ചു 24ന് വീട്ടിലെത്തി 25ന് ആരോഗ്യവകുപ്പിൽ റിപ്പോർട്ട് ചെയ്തപ്പോൾ മുതൽ സർക്കാർ ഒപ്പമുണ്ടായിരുന്നു. അന്നു മുതൽ ഹെൽത്ത് ഇൻസ്പെക്ടർ രണ്ടുനേരവും വിളിക്കും. സർക്കാരിന്റെ എല്ലാ നിർദ്ദേശങ്ങളും പാലിച്ചാണ് ഞാൻ വീട്ടിൽ നിരീക്ഷണത്തിലിരുന്നത്. കോവിഡ് പോസിറ്റീവായി എന്നറിഞ്ഞ ശേഷം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറാണ് ആദ്യം വിളിച്ചത്. എന്നെയും ഉമ്മയെയും പ്രത്യേകമായി വിളിച്ച് ആശ്വസിപ്പിച്ചു. ജില്ലാ കളക്ടർ എസ് ഷാനവാസും ഇതേ അളവിൽ തന്നെ കൂടെനിന്നു. എപ്പോഴും വാപ്പയെ വിളിച്ച് കാര്യങ്ങൾ തിരക്കി പിന്തുണ നൽകി. മികച്ച രീതിയിലുള്ള ചികിത്സയാണ് സർക്കാർ എനിക്കായി ഒരുക്കി നൽകിയത്. റിസൾട്ട് വന്ന ദിവസം ജനറൽ ആശുപത്രിയിൽ ആയിരുന്നു. കൂടുതൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ജനുവരി 31 ന് മുളങ്കുന്നത്തുകാവിലുള്ള മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഏറ്റവും മികച്ച രീതിയിലുള്ള ചികിത്സാ അനുഭവമാണ് മെഡിക്കൽ കോളേജ് സമ്മാനിച്ചത്. ഇതൊക്കെ ആത്മവിശ്വാസം കൂട്ടി. അവിടെയുള്ള ഡോക്ടർമാർ എന്നോട് പറഞ്ഞു; ” ഇയാൾ എന്തായായാലും ഈ രോഗത്തെ അതിജീവിക്കും. അത് നമ്മളെല്ലാവരും കാത്തിരിന്നു കാണേണ്ട കാഴ്ചയാണ്. ഈ ഒരു ആത്മവിശ്വാസ മനോഭാവത്തോടെ മുന്നോട്ട് പോവുക.” രണ്ടു നേരവും അവരെന്റെ അടുത്തേക്ക് വന്നു. എല്ലായ്പോഴും ഫോണിൽ വിളിച്ച് തിരക്കി. ഡോക്ടർമാർ, നഴ്സുമാർ എന്നിവർ മാത്രമല്ല, ക്ലീനിങ്ങ് ജോലിക്ക് വരുന്നവർ വരെ വളരെ സ്നേഹത്തോടെയും അനുഭാവത്തോടെയുമാണ് എന്നോട് പെരുമാറിയത്. എന്റെ പഠനം, മറ്റു വിശേഷങ്ങൾ എന്നിങ്ങനെയെല്ലാം ചോദിച്ച് എന്നെ എപ്പോഴും സന്തോഷവതിയായി നിർത്താനാണ് അവരെല്ലാവരും ശ്രമിച്ചത്. അവർക്കാർക്കും ഒരു ചെറിയ പേടി പോലുമുണ്ടായിരുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. എപ്പോൾ വിളിച്ചാലും ഒരു മടിയും കൂടാതെ ഓടിയെത്തി എന്തു കാര്യവും ചെയ്തു തരുന്ന അവരെ ഓർക്കാതെ എനിക്കീ കോവിഡ് ഓർമ്മകൾ പൂർത്തീകരിക്കാനാകില്ല. എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ അവരെ കൂടാതെ തന്നെ ഒരുപാട് പേരുണ്ടായിരുന്നു. ഞാൻ പോലും വിചാരിക്കാത്ത അത്രയും മനുഷ്യർ എന്റെ ചുറ്റിലും നിന്നു. ഈ രോഗത്തിൽ നിന്ന് രക്ഷപ്പെടും എന്ന വിശ്വാസം തന്നെയായിരുന്നു എനിക്ക്. എന്റെ ആശങ്ക മുഴുവൻ എന്റെ കൂടെ യാത്ര ചെയ്ത കൂട്ടുകാർ, എന്റെ കുടുംബം അവർക്കാർക്കെങ്കിലും എന്നിൽ നിന്ന് പകർന്നു കാണുമോ എന്നതായിരുന്നു.

ലോകമൊട്ടാകെ ഈ അവസ്ഥയ്ക്ക് മുന്നിൽ സ്തംഭിച്ചു നിൽക്കുന്ന അവസ്ഥയാണ്. നമ്മളെല്ലാവരും സർക്കാർ പറയുന്ന നിർദ്ദേശങ്ങൾ അതായത് സാമൂഹിക അകലം, സാനിറ്റൈസർ ഉപയോഗം, മാസ്‌ക ധരിക്കുക ഇവ ശരിയായ രീതിയിൽ പാലിച്ചാൽ തന്നെ രോഗം തടയാൻ സാധിക്കുമെന്ന് ആത്മവിശ്വാസത്തോടെ അതിജീവനത്തിന്റെ ആ പോരാളി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button