അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രജപുതിന് ലഭിച്ച വൈദ്യചികിത്സയുടെയും അദ്ദേഹത്തിന് നല്‍കിയ മരുന്നുകളുടെയും വിശദാംശങ്ങള്‍ സുശാന്തിന്റെ പിതാവ് കെ കെ സിംഗ് ആവശ്യപ്പെട്ടു. റിയ ചക്രബര്‍ത്തിക്കൊപ്പം ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം നടി റിയ ചക്രബര്‍ത്തി ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് സുശഷാന്തിന്റെ പിതാവ് പട്‌നയിലെ രാജീവ് നഗര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തതോടെ കേസ് അതീവ നാടകീയതയിലേക്ക് നീങ്ങുകയാണ്.
2019 മെയ് വരെ തന്റെ മകന്‍ ബോളിവുഡില്‍ മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ടിരിക്കെ, റിയ ചക്രബര്‍ത്തി എന്ന പെണ്‍കുട്ടിയും കുടുംബാംഗങ്ങളും മറ്റുള്ളവരും അദ്ദേഹവുമായി ബന്ധപ്പെട്ടുവെന്നും ഇവരുടെ കോണ്‍ടാക്റ്റുകള്‍ ഉപയോഗിച്ച് ചലച്ചിത്ര വ്യവസായത്തില്‍ ഒരു കരിയര്‍ ഉണ്ടാക്കാമെന്ന് അദ്ദേഹത്തെ ധരിപ്പിച്ചതായും സുഷാന്തിന്റെ പിതാവ് പരാതിയില്‍ പറഞ്ഞു.
റിയയും അവളുടെ കുടുംബാംഗങ്ങളായ ഇന്ദ്രജിത് ചക്രബര്‍ത്തി, സന്ധ്യ ചക്രബര്‍ത്തി, ഷൗവിക് ചക്രബര്‍ത്തി എന്നിവര്‍ തന്റെ മകന്റെ ജീവിതത്തില്‍ ഇടപെടാന്‍ തുടങ്ങിയെന്നും അവന്‍ താമസിക്കുന്ന വീട്ടില്‍ ചില അസാധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞ് അവിടെ നിന്ന് പുറത്തുപോകാന്‍ പോലും അവര്‍ അവനെ നിര്‍ബന്ധിച്ചുവെന്നും തന്റെ മകന്റെ മനസ്സില്‍ വലിയ സ്വാധീനം ചെലുത്തിയെന്നും മുംബൈ വിമാനത്താവളത്തിനടുത്തുള്ള ഒരു റിസോര്‍ട്ടില്‍ താമസിക്കാന്‍ അവര്‍ അവനെ നിര്‍ബന്ധിച്ചുവെന്നും അദ്ദേഹം പരാതിയില്‍ പറഞ്ഞു.
Post Your Comments