പാലക്കാട്: പട്ടാമ്പി ഓങ്ങല്ലൂരില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്നും തീ പടര്‍ന്നുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. ഓങ്ങല്ലൂര്‍ നമ്പാടം കോളനി സ്വദേശികളായ ബാദുഷ, ഷാജഹാന്‍, സാബിറ എന്നിവരാണ് മരിച്ചത്. ഇവരുടെ ഉമ്മ നബീസയ്ക്കും പൊള്ളലേറ്റിരുന്നു. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. അടുക്കളയിലെ ഗ്യാസില്‍ നിന്നുമുണ്ടായ വാതക ചോര്‍ച്ചയാണ് അപകടകാരണമെന്ന് കരുതുന്നു. സംഭവത്തില്‍ വീട് ഭാഗികമായി തകര്‍ന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം നടന്നത്.
ഓങ്ങല്ലൂര്‍ നമ്പാടം കോളനിയിലെ ചുങ്കത്ത് നബീസയുടെ വീട്ടിലെ ഗ്യാസ് സിലിണ്ടറില്‍ നിന്നുമാണ് തീ പടര്‍ന്നത്. ഗ്യാസ് ലീക്കായി വീട് മുഴുവന്‍ നിറഞ്ഞിരുന്നു. ഇതിനിടയില്‍ ലൈറ്റിടുകയോ മറ്റോ ചെയ്തപ്പോള്‍ തീ പടര്‍ന്നതാകാം എന്നാണ് പ്രാഥമികനിഗമനം.ഈ സമയം നബീസയും മൂന്നു മക്കളുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. പൊള്ളലേറ്റ നാലുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ഇളയ മകന്‍ ബാദുഷയാണ് ആദ്യം മരണമടഞ്ഞത്. നബീസയും മറ്റു മക്കളായ ഷാജഹാന്‍, സാബിറ എന്നിവരും ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. അപകടത്തില്‍ ആസ്പറ്റോസ് ഷീറ്റ് മേഞ്ഞ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. വീടിനുള്ളിലെ സാധന സാമഗ്രികളും സാധനങ്ങളും വാതിലുകളും തീപിടുത്തത്തില്‍ നശിച്ചു. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടറുകള്‍ പുറത്തേക്ക് മാറ്റി. തുടര്‍ന്ന് ഷൊര്‍ണൂരില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി തീയണച്ചു.
Post Your Comments