പാലക്കാട്: പട്ടാമ്പിക്ക് അടുത്ത് ഓങ്ങലൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ് മൂന്നുപേര്‍ മരിച്ചു. ഓങ്ങല്ലൂര്‍ നമ്പാടം കോളനി സ്വദേശികളായ ബാദുഷ, ഷാജഹാന്‍, സാബിറ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. ഓങ്ങല്ലൂര്‍ നമ്പാടം കോളനിയിലെ ചുങ്കത്ത് നബീസയുടെ വീട്ടിലെ ഗ്യാസ് സിലിണ്ടറില്‍ നിന്നുമാണ് തീ പടര്‍ന്നത്. അടുക്കളയിലെ ഗ്യാസില്‍ നിന്നുമുണ്ടായ വാതക ചോര്‍ച്ചയാണ് അപകടകാരണമെന്ന് കരുതുന്നു. സംഭവത്തില്‍ വീട് ഭാഗികമായി തകര്‍ന്നു.
കുറച്ച് സമയം മുമ്പാണ് ഷാജഹാനും സാബിറയും മരണപ്പെട്ടത്. പൊള്ളലേറ്റ് ചികിത്സിലായിരുന്ന ഇവരുടെ സഹോദരന്‍ ബാദുഷ വൈകുന്നേരം മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ആദ്യം പെരിന്തമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നേട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഇവരുടെ മാതാവ് നബീസ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ഗ്യാസ് ലീക്കായി വീട് മുഴുവന്‍ നിറഞ്ഞിരുന്നു. ഇതിനിടയില്‍ ലൈറ്റിടുകയോ മറ്റോ ചെയ്തപ്പോള്‍ തീ പടര്‍ന്നതാകാം എന്നാണ് പ്രാഥമികനിഗമനം. ഈ സമയം നബീസയും മൂന്നു മക്കളുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ആസ്പറ്റോസ് ഷീറ്റ് മേഞ്ഞ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. വീടിനുള്ളിലെ സാധന സാമഗ്രികളും സാധനങ്ങളും വാതിലുകളും തീപിടുത്തത്തില്‍ നശിച്ചു. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് വീടിനുള്ളിലെ ഗ്യാസ് സിലിണ്ടറുകള്‍ പുറത്തേക്ക് മാറ്റിയത്. തുടര്‍ന്ന് ഷൊര്‍ണൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീയണക്കുകയായിരുന്നു.
Post Your Comments