ഡെറാഡൂണ്‍ : ഹെല്‍മറ്റ് ധരിക്കാത്തതിന് ബൈക്ക് യാത്രികനായ യുവാവിന്റെ നെറ്റിയില്‍ പൊലീസുകാര്‍ താക്കോല്‍ കൊണ്ട് കുത്തിമുറിവേല്‍പിച്ചു. ഉത്തരാഖണ്ഡിലെ ഉദ്ദംസിങ് നഗര്‍ ജില്ലയിലെ രുദ്രപൂരില്‍ ആണ് സംഭവം. തിങ്കളാഴ്ച രാത്രി എട്ടിന് സുഹൃത്തിനൊപ്പം ബൈക്കില്‍ പോയ യുവാവിനെ ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ പട്രോള്‍ സംഘത്തിലെ മൂന്നു പൊലീസുകാര്‍ കൈകാണിച്ച് ബൈക്ക് നിര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തു. യുവാക്കള്‍ തര്‍ക്കിച്ചതോടെ ക്ഷുഭിതനായ ഒരു പൊലീസുകാരന്‍ താക്കോല്‍ കൊണ്ട് യുവാവിന്റെ നെറ്റിയില്‍ താക്കോല്‍ കൊണ്ട് കുത്തുകയായിരുന്നു.
ബൈക്കില്‍ പെട്രോള്‍ നിറയ്ക്കാന്‍ പോകുകയായിരുന്നെന്നും ഹെല്‍മറ്റ് ധരിക്കാന്‍ മറന്നതാണെന്നും ഇക്കാര്യം പൊലീസുകാരോട് പറഞ്ഞിട്ടും കേള്‍ക്കാന്‍ കൂട്ടാക്കാതെ ആക്രമിക്കുകയായിരുന്നുവെന്നും അക്രമത്തിനിരയായ യുവാവ് മൊഴി നല്‍കി. സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ ആക്രമണ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സംഭവം വിവാദമായതോടെ സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. അതേസമയം സംഭവം അറിഞ്ഞതോടെ പ്രദേശത്ത് സമീപവാസികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ഒരു പൊലീസുകാരന് പരുക്കേറ്റു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുമെന്ന് ജനപ്രതിനിധികള്‍ ഉറപ്പു നല്‍കിയതോടെയാണ് ജനക്കൂട്ടം പിരിഞ്ഞു പോയത്.ചിത്രങ്ങളില്‍ പൊലീസുകാരന്‍ യുവാവിനെ ആക്രമിക്കുന്നത് വ്യക്തമായിരുന്നു
Post Your Comments