
എറണാകുളം: പ്രമുഖ ബ്രാൻഡിന്റെ മുളക് പൊടിയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതായി കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. ഇതിന് പിന്നാലെ വിശദീകരണവുമായി മുന്‍നിര കറിപൗഡര്‍ നിര്‍മ്മാതാക്കള്‍ രംഗത്തെത്തി. സുഗന്ധവ്യഞ്ജനങ്ങള്‍ കൃഷിചെയ്യുമ്പോള്‍ വിളകളെ കീടങ്ങളില്‍ നിന്നും സംരക്ഷിയ്ക്കാന്‍ കര്‍ഷകര്‍ നടത്തുന്ന അശാസ്ത്രീയമായ കീടനാശിനിയുടെ പ്രയോഗം മൂലമാണ് കറിപൗഡറുകളില്‍ കീടനാശിനിയുടെ സാന്നിദ്ധ്യം കാണപ്പെടുന്നതെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. കേന്ദ്ര ഭക്ഷ്യസുരക്ഷാവകുപ്പ് അംഗീകരിച്ച കീടനാശിനികള്‍ക്ക് പുറമേ അനധികൃത കീടനാശിനികളും കര്‍ഷകര്‍ വിളകളില്‍ പ്രയോഗിക്കും. ഇത്തരം കീടനാശിനികള്‍ ഉപയോഗിയ്ക്കുന്നതിന് അളവുകളും നിശ്ചയിച്ചിട്ടില്ല.
ലബോറട്ടറികളില്‍ പരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ ആണ് അംഗീകാരമില്ലാത്ത കീടനാശിനികളുടെ സാന്നിദ്ധ്യം കണ്ടെത്തുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ശേഖരിയ്ക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍, ഉപഭോക്താവിന്റെ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടും ഗുണമേന്മ ഉറപ്പാക്കിയും സര്‍ക്കാരിന്റെ സുരക്ഷാമാനദണ്ഡങ്ങളായ ISO,HACCP,GMP എന്നിവ പാലിച്ചുമാണ് നിർമ്മിക്കുന്നതെന്ന് കമ്പനികൾ വ്യക്തമാക്കുന്നു. ഉപഭോക്താവിന്റെ സുരക്ഷ നിര്‍മ്മാതാക്കളുടെ ഉത്തരവാദിത്വമായതിനാല്‍ കീടനാശിനി പ്രയോഗത്തിന് പരിഷ്ക്കരിച്ച അളവുകള്‍ ശാസ്ത്രീയമായി തന്നെ പുനഃപരിശോധിക്കണമെന്നും അളവുകള്‍ ശാസ്ത്രീയമായി നിശ്ചയിക്കണമെന്നും അവയുടെ ഉപയോഗം കുറച്ച് നിര്‍മ്മാണം നിരോധിക്കണമെന്നും ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ FSSAI യ്ക്ക് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.
Post Your Comments