അരവണയുടെ സാമ്പിളുകൾ വീണ്ടും ലാബിൽ പരിശോധിക്കണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഏലക്കയിലെ കീടനാശിയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ ജനുവരിയിൽ അരവണയുടെ വിതരണം തടഞ്ഞു വെച്ചിരുന്നു. ഇതോടെ, 6,65,159 കാൻ അരവണയാണ് ഭക്ഷ്യയോഗ്യമല്ലാത്തതിനെ സീൽ ചെയ്തു ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്നത്.
അരവണയിൽ ഏലക്കയുടെ അളവ് കുറവാണെന്നും, അതിശക്തമായ ചൂടിൽ തയ്യാറാക്കുന്നതിനാൽ ഭക്ഷ്യയോഗ്യമാണെന്നുമാണ് ദേവസ്വം ബോർഡിന്റെ വാദം. ഇതിനോടൊപ്പം തന്നെ ദേവസ്വം ബോർഡിന് ഏലക്ക നൽകാൻ കരാർ എടുത്ത വ്യക്തിയും സമാനവാദം ഉന്നയിച്ച് ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ, ഇരുകൂട്ടരുടെയും ഹർജി ഹൈക്കോടതി പൂർണമായും നിരസിച്ചിട്ടുണ്ട്. കൂടാതെ, ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്ന അരവണ നശിപ്പിക്കുന്നത് സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷണർ വിശദീകരണം നൽകാനും ഹൈക്കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി. ജി അജിത് കുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
Also Read: മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ്: പ്രതി പിടിയില്‍
Post Your Comments