തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്നലെ കൊച്ചിയിൽ വെച്ച് എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്‌തിരുന്നു. സ്വപ്ന സുരേഷ് തന്റെ ബന്ധുവിന്റെ ഭാര്യയാണെങ്കിലും തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയെന്ന നിലയിലാണ് ഔദ്യോഗിക പരിചയമെന്ന് ശിവശങ്കർ മൊഴി നൽകുകയുണ്ടായി. കെ.ടി. റമീസ്, ദുബായിലുള്ള കൊടുങ്ങല്ലൂർ സ്വദേശി ഫൈസൽ ഫരീദ് അടക്കമുള്ള പ്രതികളെ അറിയില്ല. ഇവർക്കു സ്വപ്നയുമായുള്ള സ്വർണക്കടത്ത് ഇടപാടുകളെ കുറിച്ചും അറിയില്ലായിരുന്നു. നാട്ടിലും വിദേശത്തും ഇവരുടെ ആതിഥ്യം സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വർണക്കടത്തു കേസിലെ പ്രതികൾ ഗൂഢാലോചന നടത്തിയതായി പറയുന്ന തിരുവനന്തപുരത്തെ ഫ്ലാറ്റ് വാടകയ്ക്കെടുക്കാൻ സഹായിച്ചത് സ്വപ്നയുടെ ഭർത്താവിന്റെ അഭ്യർഥനയെ തുടർന്നാണ്. അവരുടെ വീടിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കുറച്ചു ദിവസം മാറിത്താമസിക്കാൻ ഫ്ലാറ്റ് വാടകയ്ക്ക് വേണമെന്നാണു തന്നോട് പറഞ്ഞത്. സ്വപ്നയുടെ ഭർത്താവ് ക്ഷണിച്ചപ്പോൾ മാത്രമാണ് ഇവരുടെ വീട്ടിൽ സന്ദർശനം നടത്തിയതെന്നും ശിവശങ്കർ മൊഴി നൽകി.
Post Your Comments