തിരുവനന്തപുരം : സാമ്പത്തിക ഇടപാടിനെ തുടർന്ന് ധനകാര്യ സ്ഥാപന ഉടമയും കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് ബെല്‍സിയുടെ ഭര്‍ത്താവുമായ ജയചന്ദ്രൻ യുവാവിനെ ക്രൂരമായി മർദിച്ചു. പൊഴിയൂര്‍ സ്വദേശി അജിനിനെയാണ് ജയചന്ദ്രൻ വടി ഉപയോഗിച്ച് കുളത്തൂർ റോഡരികിൽ വെച്ച് മർദിച്ചത്. മര്‍ദനത്തെ തുടര്‍ന്ന് പരിക്കേറ്റ അജിൻ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ബെൽസി അംഗമായ ’പോൾ’ എന്ന നിക്ഷേപ പദ്ധതിയിലേക്ക് ജയചന്ദ്രന് അജിനില്‍ നിന്ന് പണം വാങ്ങിയിരുന്നുവെന്നും പണം ലഭിക്കാതായതോടെ തിരികെ ചോദിച്ചതാണ് ജയചന്ദ്രനെ പ്രകോപിപ്പിച്ചതെന്നുമാണ് ആരോപണം. രോഷാകുലനായ ജയചന്ദ്രൻ അജിനിന്റെ മുട്ടിന് താഴെ മർദിക്കുന്നതും കാലിൽ നിന്ന് രക്തം ഒഴുകുന്നതുമായ രംഗം സമീപത്തുണ്ടായിരുന്ന നാട്ടുകരിലാരോ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് പിന്നീട് പുറത്തായത്. നേരത്തേയും അജിനിന് ജയചന്ദ്രനിൽ നിന്ന് മർദനമേറ്റിരുന്നെന്നും റിപ്പോർട്ടുണ്ട്.
അതേസമയം സംഭവത്തിൽ അജിനിന് പണം നല്‍കാനില്ലെന്നും മദ്യപിച്ച് വീട്ടിൽ എത്തി നിരന്തരം ശല്യം ചെയ്യുന്ന ആളാണെന്നും ബെൽസി പറഞ്ഞു. അത്തരത്തിൽ കതകിന് മുട്ടുകയും മറ്റും ചെയ്തതിനാലാണ് ഭർത്താവ് മർദിച്ചതെന്നും അവർ പറഞ്ഞു.
Post Your Comments