ന്യൂഡല്‍ഹി : ഇന്ത്യ – ചൈന അതിർത്തി സംഘര്‍ഷം നിലനിൽക്കുന്ന സാഹചര്യത്തില്‍ ആയുധ ശേഷിയും പ്രഹര ശേഷിയും വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇതിനായി ഭാരക്കുറവുള്ള മീഡിയം ടാങ്കായ 2എസ്25 എം സ്പ്രട്ട്- എസ്ഡിഎം1 (S25M Sprut-SDM1) എന്ന റഷ്യന്‍ നിര്‍മിത ടാങ്ക് വാങ്ങാനുള്ള ആലോചനയിലാണ് പ്രതിരോധ മന്ത്രാലയം. നിലവില്‍ ഇന്ത്യയുടെ പക്കലുള്ള റഷ്യന്‍ നിര്‍മിത മെയിന്‍ ബാറ്റില്‍ ടാങ്കാണ് ടി-90. ഇതിന്റെ ആകെ ഭാരം 46 ടണ്ണാണ്. ഇക്കാരണങ്ങള്‍ കൊണ്ട് ദുര്‍ഘടമേഖലകളിലെ താത്കാലിക പാലങ്ങളില്‍ കൂടി പോകാന്‍ ഇവയ്ക്ക് സാധിക്കില്ല. മലനിരകളിലെ നിര്‍ണായ സൈനിക നീക്കത്തിന് ഇത് പ്രതിസന്ധി സൃഷ്ടിക്കും.
.
എന്നാല്‍ 2എസ്25 എം സ്പ്രട്ട്- എസ്ഡിഎം1 ടാങ്കിന് ഈ പരിമിതിയില്ല. ഭാരം വെറും 18 ടണ്‍ മാത്രം. ഭാരക്കുറവുകൊണ്ട് കരുത്ത് കുറവാണെന്ന് കരുതരുത്. ടി-90 ഉള്‍പ്പെടെയുള്ള മെയിന്‍ ബാറ്റില്‍ ടാങ്കുകളോട് കട്ടയ്ക്ക് നില്‍ക്കുന്നവനാണ് 2എസ്25 എം സ്പ്രട്ട്- എസ്ഡിഎം1. മറ്റ് ബാറ്റില്‍ ടാങ്കുകളേപ്പോലെ ഇവയ്ക്കും 125 എം.എം പീരങ്കി ഇതിനുമുണ്ട്. സ്‌ഫോടനങ്ങളെ ചെറുക്കാനുള്ള സംവിധാനങ്ങളുള്ള ആധുനിക ടാങ്കുകളുടെ പുറംകവചം അഞ്ച് കിലോമീറ്റര്‍ പരിധിക്കുള്ളില്‍ തകര്‍ക്കാന്‍ ഇതിന് സാധിക്കും. ഇതിന് പുറമെ 7.62എം.എം. മെഷിന്‍ ഗണ്‍, ടാങ്കിനുള്ളിലിരുന്ന് നിയന്ത്രിക്കാവുന്ന ആയുധങ്ങള്‍ എന്നിവ ഈ ടാങ്കിലുണ്ടാകും. ഭാരക്കുറവുള്ളതുകൊണ്ടുതന്നെ കരയിലുടെ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ഇവയ്ക്ക് സാധിക്കും. വേണ്ടിവന്നാല്‍ വെള്ളത്തിലൂടെ സഞ്ചരിക്കാനും ഇവയ്ക്ക് ശേഷിയുണ്ട്.
ഇതിനും പുറമെ ഓട്ടോമേറ്റഡ് ഫയര്‍ കണ്‍ട്രോള്‍ സംവിധാനമാണ് ഈ ആയുധത്തിന്റെ ഹൈലൈറ്റ്. ആയുധങ്ങള്‍ നിയന്ത്രിക്കുന്ന ആളിന് ഇതില്‍ ലക്ഷ്യം നിര്‍ണയിക്കുന്ന ജോലി മാത്രമേയുണ്ടാകു. ബാക്കിയൊക്കെ ഈ സംവിധാനം ചെയ്തുകൊള്ളും. വെള്ളത്തിലൂടെ സഞ്ചരിക്കുന്നതിനിടെയും പ്രധാന പീരങ്കിയുള്‍പ്പെടെയുള്ളവ സ്ഥിരതയോടെ പ്രയോഗിക്കാനും 2എസ്25 എം സ്പ്രട്ട്- എസ്ഡിഎം1 ടാങ്കിന് സാധിക്കും. മാത്രമല്ല സ്‌ഫോടനങ്ങളില്‍ നിന്ന് അകത്തുള്ള സൈനികരെ സംരക്ഷിക്കാനുള്ള സംവിധാനങ്ങളും ഇതിലുണ്ട്. സമതലങ്ങളും പര്‍വത മേഖലകളിലും ഉള്‍പ്പെടെ ഏത് പ്രതലത്തിലും ഇതിന് സുഗമമായി സഞ്ചരിക്കാനാകും. ഈ സവിശേഷതകള്‍കൊണ്ടാണ് ഇന്ത്യ ഈ ടാങ്ക് വാങ്ങാനുള്ള താത്പര്യം റഷ്യയെ അറിയിച്ചിരിക്കുന്നത്. റഷ്യന്‍ കമ്പനിയായ റോസോബൊറോണ്‍എക്‌സ്‌പോര്‍ട്ട് ആണ് 2എസ്25 എം സ്പ്രട്ട്- എസ്ഡിഎം1 ടാങ്കിന്റെ സൃഷ്ടാക്കള്‍.
Post Your Comments