ബംഗളുരു: രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ മറ്റൊരു പേരാണ് കോണ്‍ഗ്രസ് എന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി. രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി നടത്തുന്ന നീക്കങ്ങളെ ചെറുക്കാന്‍ കോണ്‍ഗ്രസ് തുടങ്ങിയ സേവ് ഡെമോക്രേസി ക്യാംപെയ്‌നോട് പ്രതികരിക്കുകയായിരുന്നു കുമാരസ്വാമി. രാഷ്ട്രീയ പാര്‍ട്ടികളില്‍ ഭിന്നത സൃഷ്ടിച്ച് എം.എല്‍.എമാരെ വിലയ്ക്ക് എടുക്കുന്നതില്‍ കോണ്‍ഗ്രസ് വിദഗ്ധരാണെന്ന് കുമാരസ്വാമി വിമര്‍ശിച്ചു.
കുതിരക്കച്ചവടം എന്ന വാക്ക് പോലും അങ്ങനെയാണ് രൂപപ്പെട്ട് വന്നതെന്നും കുമാരസ്വാമി എറഞ്ഞു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ എം.എല്‍.എമാരെ വിലയ്ക്ക് എടുക്കുന്നതിനെതിരെ കോണ്‍ഗ്രസ് സേവ് ഡെമോക്രസി ക്യാംപെയ്ന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് എന്താണ് ചെയ്തുകൊണ്ടിരുന്നത്? തങ്ങളെ പിന്തുണച്ചുകൊണ്ടിരുന്ന മുഴുവന്‍ ബി.എസ്.പി എം.എല്‍.എമാരെയും കോണ്‍ഗ്രസ് മറുകണ്ടം ചാടിച്ചില്ലേ? അത് വിലയ്ക്ക് എടുക്കലായിരുന്നില്ലേ? – കുമാരസ്വാമി ചോദിച്ചു.
രാജസ്ഥാനില്‍ അശോക് ഘെലോട്ട് സര്‍ക്കാരിനെ പിന്തുണച്ചിരുന്ന ആറ് ബി.എസ്.പി എം.എല്‍.എമാരെയും കോണ്‍ഗ്രസ് മറുകണ്ടം ചാടിച്ചിരുന്നു. തങ്ങളെ പിന്തുണച്ചിരുന്ന എം.എല്‍.എമാരെ കൂടി മറുകണ്ടം ചാടിച്ചുകൊണ്ടു പോയി അവരെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുന്നത് ജനാധിപത്യപരമായ രീതിയാണോ എന്നും കുമാരസ്വാമി പ്രസ്താവനയില്‍ ചോദിച്ചു. തങ്ങളെ പിന്തുണയ്ക്കുന്ന സമാനമനസ്‌കരായ പാര്‍ട്ടികളെ പിളര്‍ത്തുന്ന കോണ്‍ഗ്രസിനെ ആര് പിന്തുണയ്ക്കാനാണെന്നും കുമാരസ്വാമി ചോദിച്ചു.
Post Your Comments