നോയിഡ : ഐസോലേഷൻ വാർഡിൽ ലൈംഗികാതിക്രമമെന്ന് കോവിഡ് രോഗിയുടെ പരാതി. നോയിഡയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഇരുപതുകാരിയാണ് പരാതി നൽകിയിരിക്കുന്നത്. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് യുവതി കിടക്കുന്ന അതേ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട ഒരു ഡോക്ടർക്കെതിരെയാണ് പരാതി. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കിയ പൊലീസ് സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയാണ് ആരോപിക്കുന്നത്. സ്ത്രീയെയും പുരുഷനെയും ഒരേ ഐസലേഷൻ വാർഡിൽ അഡ്മിറ്റ് ചെയ്തത് ചട്ടലംഘനമാണെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്.
യുവതിയെയും ഡോക്ടറെയും അടുത്തടുത്ത ദിവസങ്ങളിലാണ് ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. ഇയാള്‍ ഉപദ്രവിക്കാൻ ശ്രമിച്ചു എന്നാണ് യുവതി പരാതി നൽകിയത്. പരാതി ലഭിച്ചയുടൻ തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണവും തുടങ്ങിയതായി നോയിഡ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ രണ്‍വിജയ് സിംഗ് വ്യക്തമാക്കി. സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും നിരുത്തരവാദപരമായ സമീപനം ഉണ്ടായിട്ടുണ്ട്. മാര്‍ഗനിർദേശങ്ങൾ പാലിച്ചാണോ രണ്ട് രോഗികളെയും ഒരേ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത് എന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് പരിശോധിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോപണ വിധേയനായ വ്യക്തി ഇപ്പോഴും ഐസലേഷനിൽ തുടരുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അയാളുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കിയ ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്നും സിംഗ് അറിയിച്ചു.
Post Your Comments