ലണ്ടന്‍ • ബ്രിട്ടണില്‍ പൂച്ചയ്ക്ക് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. ‘ലഭ്യമായ എല്ലാ തെളിവുകളും” നല്‍കുന്ന സൂചന അനുസരിച്ച് അതിന്റെ ഉടമസ്ഥരില്‍ നിന്നാണ് പൂച്ചയ്ക്ക് കൊറോണ വൈറസ് ബാധിച്ചതെന്ന് ബ്രിട്ടീഷ് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
പൂച്ചയും മനുഷ്യരും പൂർണമായി സുഖം പ്രാപിച്ചു, മറ്റ് മൃഗങ്ങളിലേക്കോ വീട്ടിലെ ആളുകളിലേക്കോ പകരില്ലെന്നും മന്ത്രാലയം പറഞ്ഞു.
യു.കെയില്‍ ഒരു വളര്‍ത്തുമൃഗത്തിന് കോവിഡ് 19 സ്ഥിരീകരിക്കുന്നത് ആദ്യ സംഭവമാണിതെങ്കിലും ഭയപ്പെടേണ്ടതില്ലെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിലെ മെഡിക്കൽ ഡയറക്ടർ യൊവോൺ ഡോയ്ൽ പറഞ്ഞു.
“ഈ കേസിലെ അന്വേഷണം സൂചിപ്പിക്കുന്നത് മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്കാണ് അണുബാധ വ്യാപിച്ചതെന്നാണ്, അല്ലാതെ മറ്റൊരു വഴിയല്ല,” ഡോയ്ൽ കൂട്ടിച്ചേർത്തു.
ബുധനാഴ്ച ലാബ് പരിശോധനയിൽ അണുബാധ സ്ഥിരീകരിച്ചതായി സർക്കാർ പറഞ്ഞു. പൂച്ചകളില്‍ നിന്ന് വൈറസ് മനുഷ്യരിലേക്ക് പകരാമെന്നതിന് തെളിവുകളില്ല.
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറഞ്ഞത് ,പൂച്ചകളാണ് SARS-CoV-2 കൊറോണ വൈറസിന് ഏറ്റവും കൂടുതൽ ഇരയാകുന്ന മൃഗങ്ങളെന്നും മറ്റ് പൂച്ചകളിലേക്ക് ഇത് പകരാന്‍ സാധ്യതയുണ്ട് എന്നുമാണ്.
പൂച്ചയിൽ നിന്ന് മനുഷ്യന് അണുബാധയുണ്ടാകാനുള്ള സാധ്യത അന്വേഷിക്കുമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിട്ടുണ്ടെങ്കിലും വളർത്തുമൃഗങ്ങളിൽ നിന്ന് വളരെ കുറച്ച് അപകടസാധ്യത മാത്രമേയുള്ളൂവെന്ന് അതിന്റെ മുഖ്യ ശാസ്ത്രജ്ഞൻ പറഞ്ഞു.
Post Your Comments