അര്‍ബുദത്തോട് പൊരുതി മരണപ്പെട്ട സഹപ്രവര്‍ത്തകയ്ക്ക് അന്ത്യാഭിവാദ്യങ്ങള്‍ അർപ്പിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. കൊല്ലം സ്വദേശിനി ശാന്തിയെക്കുറിച്ചുള്ള ഓര്‍മകുറിപ്പാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. എനിക്കുറപ്പുണ്ട്, ചിരിച്ചു കൊണ്ട് തന്നെയാകും നീ മാഞ്ഞത്. ചിരിച്ചു കൊണ്ടല്ലാതെ നിന്നെ ഞാന്‍ കണ്ടിട്ടില്ല. ഇഎംഎസ് അക്കാദമിയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന വനിതാ പഠനക്യാംപില്‍ നിന്നെ ശ്രദ്ധിച്ചതും അത് കൊണ്ട് തന്നെയായിരുന്നുവെന്നും എഎ റഹീം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
ശാന്തി യാത്രയായി..
എനിക്കുറപ്പുണ്ട്, ചിരിച്ചു കൊണ്ട് തന്നെയാകും നീ മാഞ്ഞത്. ചിരിച്ചു കൊണ്ടല്ലാതെ നിന്നെ ഞാന്‍ കണ്ടിട്ടില്ല. ഇഎംഎസ് അക്കാദമിയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന വനിതാ പഠനക്യാംപില്‍ നിന്നെ ശ്രദ്ധിച്ചതും അത് കൊണ്ട് തന്നെയായിരുന്നു.അന്ന്, മുടി മുഴുവന്‍ നഷ്ടപ്പെട്ടിരുന്നു. അര്‍ബുദത്തോട് പൊരുതുമ്പോഴും നിറഞ്ഞ ചിരിയുമായി ക്യാമ്പില്‍ നിറഞ്ഞു നിന്നു നീ..
പിന്നെയൊരുനാള്‍ സഖാവ് ചിന്ത ജെറോം എന്നെ വിളിച്ചു. ‘ശാന്തിയുടെ നില മോശമാണ്, സഖാവിനെ കാണാന്‍ ആഗ്രഹം പങ്കുവച്ചു’. ലോക് ഡൗണ്‍കാലത്തെ ഇളവുകള്‍ വന്നയുടനെ കൊല്ലത്തേയ്ക്കുള്ള ആദ്യ യാത്രയില്‍ ശാന്തിയുടെ വീട്ടിലെത്തി. ജില്ലാ പ്രസിഡന്റു ശ്യാം മോഹനും ഒപ്പമുണ്ടായിരുന്നു. കണ്ടു, സംസാരിച്ചു. അപ്പോഴും നീ എന്നെ അത്ഭുതപ്പെടുത്തി. കാര്‍ന്നു തിന്നുന്ന വേദനയിലും ചിരിമാത്രമായിരുന്നു അന്നും നിന്മുഖം.
അന്നു വാങ്ങിവന്ന ഒരു പേനയും, ഒരു പിടി പൂക്കളും നല്‍കി നിന്നോട് യാത്ര പറയുമ്പോള്‍ എന്റെ മനസ്സ്, നീ കാണാതെ ഇടറുന്നുണ്ടായിരുന്നു. അപ്പോഴും ആത്മവിശ്വാസം കൈവിടാതെ ചിരിച്ചും, ചിരിപ്പിച്ചും, വായിച്ചും, പാട്ടുകേട്ടും ആ ചെറിയ മുറിയില്‍ നീ ജീവിതം ആഘോഷിക്കുകയായിരുന്നു.
സംസ്ഥാന വനിതാ പഠന ക്യാമ്പിന് ശേഷം ഒരു ദിവസം, മഹേഷും ചിന്തയും പറഞ്ഞു അവസാന ശ്രമമായി ഗര്‍ഭപാത്രം തന്നെ നഷ്ടപ്പെടുത്തുകയാണെന്ന്. ആ ശസ്ത്രക്രിയ കഴിയുമ്പോഴും നീ ആത്മവിശ്വാസം ഉപേക്ഷിച്ചുരുന്നില്ല, അപ്പോഴും ശാന്തി ചിരിക്കുക തന്നെയാണെന്ന് ഇരുവരും അന്നെന്നോട് പറഞ്ഞതോര്‍ക്കുന്നു.
കൊല്ലത്തെ വീട്ടില്‍ നിന്ന് അവസാനമായി നിന്നോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍, ഇനിയും വരാം എന്ന് പറഞ്ഞിരുന്നു. പക്ഷേ ഒടുവിലായി നിന്നെ കാണാന്‍ പോലും വരാന്‍ സാധിക്കുന്നില്ലല്ലോ പെങ്ങളെ. ക്വറന്റൈന്‍ കഴിഞ്ഞാല്‍ ആദ്യത്തെ യാത്ര നിന്റെ വീട്ടിലേക്കായിരിക്കും..നീ ഉറങ്ങുന്നതിനരികില്‍ കുറച്ചുനേരം നില്‍ക്കും.
നിര്‍ത്തുന്നു, ഒരിക്കലും ചിരിമാറാത്ത നിന്നെക്കുറിച്ച് എഴുതി നിര്‍ത്തുമ്പോള്‍ എന്റെ കണ്ണുകള്‍ നനഞ്ഞിരിക്കുന്നു
പ്രിയ സഖാവെ, നിനക്ക് മരണമില്ല. കൊലക്കയറിനു മുന്നില്‍ നില്‍ക്കുമ്പോഴും തല ഉയര്‍ത്തി നിന്നവരെക്കുറിച്ചു പഠിച്ചും വായിച്ചുമാണല്ലോ നീ വളര്‍ന്നത്. മരണം അരികില്‍ എത്തിയെന്നറിഞ്ഞിട്ടും ചിരിച്ചു നിന്നവള്‍ നീ… അവരെപ്പോലെ മരണത്തെ നീയും തോല്‍പ്പിക്കുക തന്നെയായിരുന്നു. നീ മായുമ്പോഴും നിന്‍ മുഖം മായുന്നില്ല. നിന്‍ ചിരി മറയുന്നില്ല. പ്രിയ സഖാവെ, അന്ത്യാഭിവാദ്യങ്ങള്‍.
Post Your Comments