പുത്തൂര്‍ : മസ്തിഷ്‌ക മരണം സംഭവിച്ച അനുജിത് 8 പേര്‍ക്ക് പുതുജീവന്‍ നല്‍കിയാണ് ഓര്‍മ്മയായത്. അനുജിതിന്റെ മരണം നല്‍കിയ കനത്ത ആഘാതത്തില്‍ നിന്ന് മോചിതരാകാത്ത കുടുംബത്തിന് ആശ്വാസമേകി മോഹന്‍ലാലിന്റെ വിളിയെത്തി. അനുജിത്തിന്റെ ഭാര്യ പ്രിന്‍സി രാജുവിനെ ഫോണില്‍ വിളിച്ചാണ് ലാല്‍ ദു:ഖത്തില്‍ പങ്കു ചേരുകയും ആശ്വസിപ്പിക്കുകയും ചെയ്തത്.അവയവ ദാനത്തിലൂടെ 8 പേര്‍ക്കു പുതുജീവിതം സമ്മാനിച്ച അനുജിത്ത് മനുഷ്യ സ്നേഹത്തിന്റെ ഉത്തമ മാതൃകയാണെന്നും നാടിന് അഭിമാനമാണെന്നും ലാല്‍ പറഞ്ഞു.
ഭര്‍ത്താവിന്റെ അപ്രതീക്ഷിത വേര്‍പാട് ഏല്‍പിച്ച ആഘാതത്തിലും അവയവദാനമെന്ന ആഗ്രഹത്തിനു പൂര്‍ണ പിന്തുണ നല്‍കിയ പ്രിന്‍സിയെ അനുമോദിക്കുകയും ചെയ്തു. ഇവരുടെ മകന്‍ മൂന്നു വയസ്സുകാരന്‍ എഡ്‌വിനോടും സംസാരിച്ചു. മോഹന്‍ലാല്‍ അങ്കിളാണെന്നു പറഞ്ഞു പരിചയപ്പെടുത്തിയപ്പോള്‍ അവന്‍ കൊഞ്ചിക്കൊണ്ട് മറുപടിയും പറഞ്ഞു.
വീണ്ടും വിളിക്കാമെന്നു പറഞ്ഞാണ് ലാല്‍ ഫോണ്‍ വച്ചത്. കുടുംബത്തെ സഹായിക്കാന്‍ എന്തു ചെയ്യാനാകും എന്ന കാര്യത്തില്‍ മോഹന്‍ലാല്‍ അഭിപ്രായം ആരാഞ്ഞതായി മൃതസഞ്ജീവനി സംസ്ഥാന നോഡല്‍ ഓഫിസര്‍ ഡോ.നോബിള്‍ ഗ്രേഷ്യസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് മോഹന്‍ലാല്‍.
Post Your Comments