പത്തനംതിട്ട • കോവിഡ് വ്യാപനത്തെ തുടര്‍ന്നു കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു നിയന്ത്രണം ഏര്‍പെടുത്തിയതിന്റെ മറവില്‍ വന്‍തോതില്‍ വിദേശമദ്യം വാങ്ങി ശേഖരിച്ചു വച്ചു വില്പന നടത്തിയ രണ്ടുപേര്‍ അറസ്റ്റിലായി. മദ്യ ലഭ്യതക്കുറവ് മുതലെടുത്ത് ജില്ലയില്‍ വിദേശമദ്യം ശേഖരിച്ചു വില്പന നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ലാപോലീസ് മേധാവിക്ക് രഹസ്യവിവരം കിട്ടിയിരുന്നു. ഇതിനെ തുടര്‍ന്ന് ദിവസങ്ങളായി നടത്തിയ നിരീക്ഷണത്തിലാണ് ഇപ്പോള്‍ രണ്ടുപേര്‍ കുടുങ്ങിയത്. ഷാഡോ പോലീസ് നടത്തിയ റെയ്ഡില്‍ ഏനാത്ത് കടമ്പനാട് കല്ലുകുഴി പുത്തന്‍പീടികയില്‍ മുകളുംപുറത്തു വീട്ടില്‍ ജോണ്‍ മാത്യു, കല്ലുകുഴി അജി ഭവനത്തില്‍ ഷിജി മാമ്മന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
മദ്യം സുലഭമായി കിട്ടാതെ വന്ന സാഹചര്യം മുതലെടുത്തു കണ്ടെയ്ന്മെന്റ് മേഖലകളിലേക്ക് ഇരട്ടിവില ഈടാക്കി വിദേശമദ്യം എത്തിച്ചു വരികയായിരുന്നു ഇവര്‍. കല്ലുകുഴി ജംഗ്ഷനില്‍ മാമ്മന്‍സ് വെജിറ്റബിള്‍സ് എന്ന കടയുടെ മറവില്‍ മദ്യക്കച്ചവടം നടത്തുന്നതായി ജില്ലാപോലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍, ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്. ജോസിന്റെ നിര്‍ദേശാനുസരണം ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിലൂടെ പ്രതികള്‍ വലയിലാവുകയായിരുന്നു.
ഏനാത്ത് എസ് ഐ വിപിന്‍കുമാറിന്റെ സഹായത്തോടെ ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളില്‍നിന്നും 18 ലിറ്റര്‍ വിദേശമദ്യവും കണ്ടെടുത്തു. നൂറുകണക്കിന് ഒഴിഞ്ഞ മദ്യക്കുപ്പികളും, മദ്യം നിറച്ചു വില്പന നടത്താന്‍ സൂക്ഷിച്ചുവച്ച ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും പ്രതികളുടെ വീട്ടില്‍നിന്നും പച്ചക്കറിക്കടയില്‍നിന്നും കണ്ടെടുക്കുകയും ചെയ്തു.
ഷാഡോ പോലീസ് എസ്ഐ ആര്. എസ് രഞ്ജു, സിപിഒ ശ്രീരാജ് എന്നിവര്‍ക്കൊപ്പം ഏനാത്ത് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ ശ്യാം, ബിജുരാജ്, സുനില്‍, ജയദാസ്, സുരേഷ്കുമാര്‍, രാജേഷ് ജോണ്‍ എന്നിവരുമുണ്ടായിരുന്നു. പച്ചക്കറിക്കടയിലെ കച്ചവടത്തിന്റെ മറവില്‍ പ്രതികള്‍ വാങ്ങി കടയിലും വീടുകളിലുമായി സൂക്ഷിക്കുന്ന വിദേശമദ്യം കൊള്ളലാഭത്തിനു ആവശ്യക്കാര്‍ക്ക് ലഭ്യമാക്കി വരുന്നത് ഷാഡോ പോലീസ് നിരന്തരമായി നിരീക്ഷിച്ചു വരികയായിരുന്നു.
കോവിഡ് വ്യാപനം വര്‍ധിക്കുന്നതിനെ തുടര്‍ന്നു ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ മുതലെടുത്ത് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്നവര്‍ക്കും, പച്ചമണ്ണ്, പാറ തുടങ്ങിയവയുടെ കടത്തു നടത്തുന്നവര്‍ക്കുമെതിരെ ശക്തമായ നിയമനടപടികള്‍ തുടരുമെന്ന് ജില്ലാപോലീസ് മേധാവി കെജി സൈമണ്‍ അറിയിച്ചു.
കോവിഡ് വ്യാപനം പ്രതിരോധിക്കാനുള്ള നടപടികള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്നത് ഉള്‍പ്പെടെയുള്ള നിയമനടപടി തുടരുന്നതായി ജില്ലാപോലീസ് മേധാവി അറിയിച്ചു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നത് ഒരുകാരണവശാലും അനുവദിക്കില്ല. ഇന്നലെ 77 പേര്‍ക്ക് നോട്ടീസ് നല്‍കിയതായും ജില്ലാപോലീസ് മേധാവി കൂട്ടിച്ചേര്‍ത്തു.
Post Your Comments