തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല ബി.എ ഇംഗ്ലീഷ് മൂന്നാം സെമസ്റ്ററിലെ പാഠപുസ്തകത്തിലെ അരുന്ധതി റോയിയുടെ “കം സെപ്തംബർ” എന്ന ദേശവിരുദ്ധ ലേഖനം സിലബസിൽ ഉൾപ്പെടുത്തിയവർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കാശ്മീരിൽ ഇന്ത്യ നടത്തുന്നത് ഭീകരവാദമാണെന്ന് പറയുന്ന ലേഖനം ഉടൻ പിൻവലിക്കണമെന്നും സമഗ്ര അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണമെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ബോംബ് സ്ഫോടനം നടത്തുന്ന ചാവേറുകളെ ന്യായീകരിക്കുകയും പാക്കിസ്ഥാനെതിരെ കാർഗിലിൽ ഇന്ത്യ യുദ്ധം ചെയ്തെന്നും പറയുന്നു. ഇന്ത്യൻ സർക്കാർ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുകയാണെന്ന് പറയുന്ന പാഠപുസ്തകം നമ്മുടെ ജനാധിപത്യത്തെയാണ് ചോദ്യം ചെയ്യുന്നത്. ഇന്ത്യയുടെ ആണവ പരീക്ഷണത്തിനെയും വൻ അണക്കെട്ടുകളെയും ചോദ്യം ചെയ്യുന്ന ലേഖനം കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാൻ ആരുടെ കയ്യിൽ നിന്നാണ് വിദ്യാഭ്യാസവകുപ്പ് അച്ചാരം വാങ്ങിയത്? ഹിന്ദുക്കൾ ഇന്ത്യയിൽ ഫാസിസം നടത്തുകയാണെന്ന് പരസ്യമായി ആരോപിക്കുന്ന പാഠപുസ്തകത്തിൻ്റെ ലക്ഷ്യം കാമ്പസുകളെ മതത്തിൻ്റെ പേരിൽ വിഭജിക്കലാണെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
കാശ്മീരിൽ നടക്കുന്നത് നിരായുധരായവരുടെ സ്വാതന്ത്ര്യസമരമാണെന്നും പാലസ്തീനെ പോലെ സാമ്രാജ്യത്വത്തിൻ്റെ രക്തം പുരണ്ട സംഭാവനയാണ് കാശ്മീരെന്ന് സമർത്ഥിക്കുന്നത് ഭീകരവാദികളുടെ ഭാഷയാണ്. കാശ്മീർ രാജ്യത്തിൻ്റെ അഭിവാജ്യഘടകമാണെന്ന് വിശ്വസിച്ച് ശത്രുക്കളോട് പൊരുതി വീരമൃത്യു വരിച്ച ധീരസൈനികരെ ബഹുമാനിക്കുന്നവർക്ക് എങ്ങനെയാണ് ഇത്തരം പാഠപുസ്തം പഠിപ്പിക്കാനും പഠിക്കാനുമാവുകയെന്നും അദ്ദേഹം ചോദിച്ചു.
ആഗോള ഭീകര സംഘടനയായ അൽഖ്വയിദയെ പോലും ന്യായീകരിക്കുന്ന പാഠഭാഗം സിലബസിൽ ഉൾക്കൊള്ളിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണം. പാഠഭാഗത്തിൻ്റെ തുടക്കത്തിൽ അഫ്സൽ ഗുരുവിനെ തൂക്കിക്കൊന്ന ഇന്ത്യൻ ജനാധിപത്യത്തിനേറ്റ കളങ്കത്തിനെതിരെ പ്രതികരിച്ച ആളായിട്ടാണ് എഡിറ്റർ അരുന്ധതി റോയിയെ പരിചയപ്പെടുത്തുന്നത്. അക്ഷരത്തെറ്റിൻ്റെ പേരിൽ മേനക ഗാന്ധി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കുന്ന പിണറായി സർക്കാർ അരുന്ധതി റോയിക്കെതിരെ കേസെടുക്കാൻ തയ്യാറാവണം. ഇതിനെതിരെ ബി.ജെ.പി ശക്തമായ പ്രതിഷേധം നടത്തുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് സുരേന്ദ്രൻ പറഞ്ഞു.
Post Your Comments