ബെംഗളൂരു • ബലിപെരുന്നാള്‍ ദിന പ്രാര്‍ത്ഥനയ്ക്ക് പള്ളികളില്‍ ഒരു സമയം പരമാവധി 50 പേരെ പങ്കെടുപ്പിക്കാന്‍ അനുമതി നല്‍കി കര്‍ണാടക സര്‍ക്കാര്‍. കോവിഡ് -19 പകർച്ചവ്യാധി കണക്കിലെടുത്ത് ഈദ് ഗാഹുകളിലും മറ്റ് സ്ഥലങ്ങളിലും കൂട്ട നമസ്കാരം നിരോധിച്ചിട്ടുണ്ട്.
പ്രാർത്ഥനയ്ക്കായി പള്ളികൾ സന്ദർശിക്കുന്നവർ മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ന്യൂനപക്ഷ ക്ഷേമ, വക്ഫ് വകുപ്പ് സെക്രട്ടറി എ ബി ഇബ്രാഹിം വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞു.
ജൂലൈ 31 ന് ഉഡുപ്പി, ദക്ഷിണ കന്നഡ, കൊഡാഗു ജില്ലകളിൽ ബക്രീദ് എന്നറിയപ്പെടുന്ന ഈദ്-അൽ-അദ ആഘോഷിക്കാൻ ഹിലാൽ കമ്മിറ്റി തീരുമാനിച്ചതായും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ ആഗസ്റ്റ് ഒന്നിനായിരിക്കും ബക്രീദ് എന്നും ഹിലാൽ കമ്മിറ്റി അറിയിച്ചു.
ബക്രീദിന്റെ സമയത്ത് മുസ്ലീങ്ങൾ നടത്തുന്ന ഒരു പ്രധാന ആചാരമാണ് ബഹുജന പ്രാർത്ഥനയെന്ന് ചൂണ്ടികാട്ടുന്ന ഉത്തരവില്‍ , കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈദ് ഗാഹുകളിലും മറ്റുസ്ഥലങ്ങളിലും ബഹുജന പ്രാര്‍ത്ഥന നിരോധിക്കുക്കുന്നതായി വ്യക്തമാക്കി. എന്നിരുന്നാലും, 50 ൽ കൂടുതൽ ആളുകൾ പങ്കെടുക്കരുതെന്ന നിയന്ത്രണത്തോടെ പള്ളികളിൽ പ്രാർത്ഥന അനുവദിക്കും. കൂടുതൽ ആളുകളുണ്ടെങ്കിൽ, പ്രാർത്ഥനകൾ ബാച്ചുകളായി നടത്തണമെന്ന് വകുപ്പ് ഉത്തരവിൽ പറഞ്ഞു.
ഹാളുകൾ, കമ്മ്യൂണിറ്റി കെട്ടിടങ്ങൾ, ‘ഷാദി മഹൽ’ തുടങ്ങിയ സ്ഥലങ്ങളിൽ ബഹുജന പ്രാർത്ഥനകൾ നടത്തരുതെന്നും ഉത്തരവിൽ പറയുന്നു.
എല്ലാ കോവിഡ് -19 പ്രതിരോധ നടപടികളും പാലിച്ച് ജൂൺ 8 മുതൽ ഭക്തർക്ക് ക്ഷേത്രങ്ങൾ, പള്ളികൾ, മറ്റ് ആരാധനാലയങ്ങൾ എന്നിവ തുറക്കാൻ കർണാടക അനുമതി നൽകിയിട്ടുണ്ട്.
Post Your Comments