ദില്ലി: ഇന്ന് കാര്‍ഗില്‍ വിജയദിവസ്. നുഴഞ്ഞ് കയറിയ പാക് സൈന്യത്തെ തുരത്തി കാര്‍ഗിലില്‍ ഇന്ത്യ വിജയക്കൊടി പാറിപ്പിച്ചിട്ട് ഇന്നേക്ക് 21 വയസ്. കരസേനയും വ്യോമസേനയും സംയുക്തമായി നടത്തിയ പോരാട്ടത്തിനൊടുവിലാണ് പാകിസ്ഥാന് മേല്‍ ഇന്ത്യ യുദ്ധവിജയം നേടിയത്. യുദ്ധവിജയ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സേനാതലത്തില്‍ ആഘോഷങ്ങള്‍ നടക്കും. വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരമര്‍പ്പിച്ച് ദില്ലിയിലെ യുദ്ധസ്മാരകത്തില്‍ വിവിധ സേനാവിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പുഷ്പചക്രം സമര്‍പ്പിക്കും.
ഇന്ത്യ- പാക് ചരിത്രത്തിലെ സുപ്രധാന പോരാട്ടങ്ങളിലൊന്നായിരുന്നു കാര്‍ഗില്‍ യുദ്ധം. മെയ് മൂന്നിന് ആരംഭിച്ച് ജൂലൈ 26 വരെയാണ് പോരാട്ടം നീണ്ടു നിന്നത്. രണ്ടരമാസം നീണ്ടുനിന്ന പോരാട്ടത്തില്‍ ഇന്ത്യക്ക് ബലിയര്‍പ്പിക്കേണ്ടി വന്നത് അഞ്ഞൂറോളം ധീര സൈനികരുടെ ജീവനാണ്. വേനല്‍ക്കാലത്ത് പോലും കൊടും ശൈത്യം അനുഭവപ്പെടുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധ മുന്നണിയില്‍ പ്രകൃതിയോടു മല്ലടിച്ചാണ് ഇന്ത്യന്‍ ജവാന്‍മാര്‍ പാകിസ്ഥാന്‍ കൈയ്യേറിയ അതിര്‍ത്തി പോസ്റ്റുകള്‍ തിരികെ പിടിച്ചത്.
എല്ലാ ശൈത്യകാലത്തും അതിര്‍ത്തി രേഖയ്ക്ക് അപ്പുറത്തും ഇപ്പുറത്തുമുള്ള അതിര്‍ത്തി പോസ്റ്റുകളില്‍ നിന്ന് കാവല്‍ സൈനികര്‍ മാറി നില്‍ക്കാറുണ്ട്. വീണ്ടും വസന്തകാലം വരുമ്പോഴേക്കും ഇരുപക്ഷവും സ്വന്തം പോസ്റ്റുകളില്‍ തിരികെ എത്തുകയും ചെയ്യും. എന്നാല്‍, 1999 ല്‍ പതിവിലും നേരത്തെ മടങ്ങിയെത്തിയ പാകിസ്ഥാന്‍ സൈന്യം കശ്മീര്‍ ഭീകരരുടെയും അഫ്ഗാന്‍ കൂലിപ്പടയാളികളുടെയും സഹായത്തോടെ കാര്‍ഗിലിലെ ഉയര്‍ന്ന പോസ്റ്റുകള്‍ പിടിച്ചടക്കി ശ്രീനഗര്‍-ലേ ദേശീയ പാത നിയന്ത്രണത്തിലാക്കി. ഇന്ത്യന്‍ പോസ്റ്റുകള്‍ പിടിച്ച വിവരം ഒരു ആട്ടിടയനാണ് സൈന്യത്തെ അറിയിച്ചത്.
അവര്‍ അറിയിച്ചതനുസരിച്ച് നിരീക്ഷണം നടത്തിയപ്പോഴാണ് കാര്‍ഗില്‍ മലനിരകളില്‍ ശത്രുക്കള്‍ കയറിക്കൂടിയ കാര്യം സൈന്യം അറിയുന്നത്. അതിശൈത്യത്തെ തുടര്‍ന്ന് പലഭാഗത്തുനിന്നും സൈനികരെ ഇന്ത്യ പിന്‍വലിച്ച തക്കം നോക്കിയായിരുന്നു നുഴഞ്ഞ് കയറ്റം. പാക് സൈന്യത്തെയും ഭീകരരെയും തുരത്താനായി ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ വിജയ് ആരംഭിച്ചു. കരസേനക്കൊപ്പം അര്‍ദ്ധ സൈനിക വിഭാഗവും വ്യോമസേനയും ആക്രമണത്തില്‍ പങ്കുചേര്‍ന്നു.
തുടര്‍ന്ന് ലോകം കണ്ടത് ശക്തമായ ഇന്ത്യയുടെ സൈനിക നടപടികള്‍. 60 ദിവസത്തിലധികം നീണ്ട പോരാട്ടം കൊണ്ട് ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും പാകിസ്ഥാന്‍ സൈന്യത്തെയും തീവ്രവാദികളെയും തുടച്ചുനീക്കി . ടൈഗര്‍ കുന്നുകളില്‍ ത്രിവര്‍ണ പതാക പാറിച്ചു. ഓപ്പറേഷന്‍ വിജയ് വിജയകരമായി പൂര്‍ത്തീകരിച്ചുവെന്ന് പ്രധാനമന്ത്രി എ ബി വാജ്‌പേയ് രാജ്യത്തോടുപറഞ്ഞു. ജൂലൈ 26- കാര്‍ഗില്‍ യുദ്ധം അവസാനിച്ചതായുള്ള പ്രഖ്യാപനമുണ്ടായി. കാര്‍ഗിലില്‍ വിജയം കണ്ടെങ്കിലും 527 ജവാന്മാരെ രാജ്യത്തിന് നഷ്ടമായി . അവരുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് കൂടിയാണ് ഇന്നേക്ക് 21 ആണ്ട് തികയുന്നത്.
Post Your Comments