1999 ലെ കാര്‍ഗില്‍ യുദ്ധം ദേശീയാഭിമാനത്താല്‍ പ്രചോദിതനായ ഭാരതീയന്റെ പോരാട്ട വീര്യം ലോകത്തിനു കാണിച്ചു കൊടുത്ത സംഭവങ്ങളിലൊന്നാണ്. അന്താരാഷ്ട്ര സമൂഹം ഇടപെട്ട് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനു മുന്നേ കഴിയുന്നത്ര ഭാരതത്തിന്റെ സ്ഥലം പിടിച്ചടക്കുക എന്ന ലക്ഷ്യമായിരുന്നു പാകിസ്ഥാനുണ്ടായിരുന്നത്.1999 മെയ് 3 നാണ് കാര്‍ഗില്‍ മലനിരകളില്‍ പാകിസ്ഥാന് സാന്നിദ്ധ്യം ആദ്യം കണ്ടത്. ആദ്യം ചെറിയൊരു കടന്നു കയറ്റമാണെന്നാണ് ധരിച്ചത്.
പിന്നീടാണ് പാകിസ്ഥാന് സൈന്യത്തിന്റെ നീക്കം വളരെ ആസൂത്രിതമാണെന്നും മനസ്സിലായത്. നിയന്ത്രണ രേഖക്ക് 200 ഓളം ചതുരശ്ര കിലോ മീറ്റര്‍ സ്ഥലത്താണ് പാക് സൈന്യം അധിനിവേശം നടത്തിയത്.1998 ല്‍ പാകിസ്ഥാന് സൈനിക മേധാവിയായി മുഷറഫ് സ്ഥാനമേറ്റെടുത്തത് മുതല്‍ കാര്‍ഗില്‍ യുദ്ധത്തിന്റെ നീക്കങ്ങള്‍ തുടങ്ങിയതായാണ് പിന്നീട് മനസിലായത്. കാര്‍ഗില്‍ സൈനിക നീക്കത്തെക്കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഭാരത പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ് പേയിയോട് പറഞ്ഞിരുന്നത്.
14000 അടി വരെ ഉയരമുള്ള മഞ്ഞു മലകളില്‍ തികച്ചും പ്രതികൂല സാഹചര്യത്തെ അതിജീവിച്ചാണ് ഇന്ത്യന്‍ സൈന്യം പാകിസ്ഥാനികളെ തുരത്തിയത്. രണ്ട് ലക്ഷത്തോളം ഭടന്മാരെയാണ് സൈന്യം യുദ്ധത്തില്‍ വിന്യസിപ്പിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം അഭിവൃദ്ധി പ്രാപിച്ചു കൊണ്ടിരിക്കുന്ന സമയം കൂടിയായിരുന്നു പാകിസ്ഥാന് ആക്രമണത്തിനു തെരഞ്ഞെടുത്തത്. തന്ത്ര പ്രധാനമായ പല സ്ഥലങ്ങളും പാകിസ്ഥാന് സൈന്യം കയ്യേറിയിരുന്നു.
യുദ്ധത്തില്‍ പാക് സൈന്യം നേരിട്ട് പങ്കെടുത്തിട്ടില്ലെന്നായിരുന്നു പാകിസ്ഥാന്റെ വാദം. എന്നാല്‍ യുദ്ധത്തില്‍ മരിച്ച സൈനികരെ പിന്നീട് പാകിസ്ഥാന് രക്തസാക്ഷികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. കശ്മീരിലെ മുജാഹിദ്ദീന്‍ പോരാളികളാണ് യുദ്ധം ചെയ്തതെന്ന പാകിസ്ഥാന്റെ വാദം അന്താരാഷ്ട്ര രംഗത്ത് ആരും അംഗീകരിച്ചതുമില്ല. അങ്ങനെ യുദ്ധത്തില്‍ നയതന്ത്രപരമായുള്ള മുന്‍തൂക്കവും ഭാരതത്തിന് ലഭിച്ചു.എല്ലാ സ്ഥലങ്ങളും തിരിച്ചു പിടിച്ച് യുദ്ധമവസാനിച്ചപ്പോള്‍ ഭാരതത്തിനു നഷ്ടമായത് 527 വീരപുത്രന്മാരെയായിരുന്നു.
Post Your Comments