COVID 19KeralaLatest NewsNews

ഇരിങ്ങാലക്കുടയിലും മുരിയാടും ശനിയാഴ്ച മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ

തൃശ്ശൂര്‍ • ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും ശനിയാഴ്ച വൈകീട്ട് അഞ്ച് മണി മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പിലാക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇരിങ്ങാലക്കുട കേരള സോൾവൻറ് എക്സ്ട്രാക്ഷൻസ് (കെ.എസ്.ഇ) കാലിത്തീറ്റ കമ്പനിയിലെ രോഗവ്യാപനം മൂലം നഗരസഭയിലും മുരിയാട് പഞ്ചായത്തിലും രോഗികളുടെ വ്യാപനം ഉണ്ടായതിനെ തുടർന്നാണിത്.

ട്രിപ്പിൾ ലോക് ഡൗൺ കർശനമായി നടപ്പിലാക്കും. ആളുകൾക്ക് ഭക്ഷണസാധനങ്ങൾ വാങ്ങിക്കാനുള്ള സൗകര്യം ഒരുക്കും. മെഡിക്കൽ ഷോപ്പുകളും പ്രവർത്തിക്കും. ഈ വഴി ദീർഘദൂര ബസുകൾ ഒഴികെയുള്ള വാഹനങ്ങൾ നിയന്ത്രിക്കും. ബസുകൾ അവിടെ നിർത്താതെ പോവേണ്ടി വരും. മറ്റ് വാഹനങ്ങളെ അപ്പുറത്തേക്ക് കടത്തിവിടും. മറ്റ് സ്ഥലങ്ങളിൽ വ്യാപനത്തിന്റെ തോത് കണക്കാക്കിയാവും കർശനമായ നിയന്ത്രണങ്ങളിലേക്ക് പോവുക. ജില്ലയിൽ 40 തദ്ദേശ സ്ഥാപനങ്ങളിൽ കണ്ടെയ്ൻമെൻറ് സോണുകൾ നിലവിലുണ്ട്.

വടക്കാഞ്ചേരിയിൽ മത്സ്യമാർക്കറ്റിലെ സഹായിക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. പൊന്നാനിയിലും പട്ടാമ്പിയിലെ മത്സ്യമാർക്കറ്റിലും വ്യാപനം ഉണ്ടായപ്പോൾ അതിന്റെ പ്രതികരണം തൃശൂർ ജില്ലയിലും ഉണ്ടായി. മത്സ്യ മൊത്ത, ചില്ലറ വിൽപനക്കാർ വഴി രോഗവ്യാപനം ഉണ്ടായി. ഇതേത്തുടർന്ന് തീരദേശ മേഖലയിൽ വിളിച്ച സർവകക്ഷിയോഗം ഹാർബറുകളിൽ മത്സ്യലേലം നടത്തേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. അശാസ്ത്രീയമായ രീതിയിൽ മത്സ്യത്തിന്റെ വഴിയോര വിൽപന ജില്ലയിൽ പൂർണമായി അവസാനിപ്പിച്ചിട്ടുണ്ട്.

തൃശൂർ മാർക്കറ്റിൽ കർശനമായ നിയന്ത്രണത്തിലേക്ക് പോവാൻ തീരുമാനിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ പിടിച്ചുവരുന്ന മത്സ്യം വിൽക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാവണം. എന്നാൽ, പുറമേ നിന്ന് ജില്ലയിലേക്ക് കണ്ടെയിനറുകളിൽ വരുന്ന മത്സ്യവിൽപന തടയും. കൊടുങ്ങല്ലൂർ ബൈപാസിലെ വൻതോതിലുള്ള വഴിയോര മത്സ്യവിതരണം അവസാനിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സമ്പർക്ക വ്യാപനം കൂടുന്നത് വളരെ ഗൗരവതരമായ സാഹചര്യമാണെന്നും അത് കൈകാര്യം ചെയ്യുന്നതിനായി വേണ്ട തയാറെടുപ്പുകൾ സർക്കാർ നടത്തിയതായും മന്ത്രി പറഞ്ഞു. നിലവിൽ തൃശൂർ ഗവ. മെഡിക്കൽ കോളജ്, ഇ.എസ്.ഐ ആശുപത്രി, ചാലക്കുടി താലൂക്ക് ആശുപത്രി, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി, കൊരട്ടി ഫസ്റ്റ് ലൈൻ സെൻറർ, കില ഫസ്റ്റ് ലൈൻ സെൻറർ എന്നിവയാണ് കോവിഡ് ചികിത്സക്കായി ജില്ലയിൽ പ്രവർത്തിക്കുന്നത്.

ഇപ്പോഴത്തെ വ്യാപനം അനുസരിച്ച് ഈ സൗകര്യം പര്യാപ്തമാണ്. എന്നാൽ, രോഗവ്യാപനം തുടർന്നാൽ വിപുലമായ തയാറെടുപ്പുകൾ നടത്തേണ്ടി വരും. അതിന് ഇപ്പോൾ 30 കേന്ദ്രങ്ങളിലായി 6033 കിടക്കകൾ തയ്യാറായി കഴിഞ്ഞിട്ടുണ്ട്. ആഗസ്റ്റ് ഒന്നാവുമ്പോഴേക്കും നാട്ടികയിൽ 1200 കിടക്കകളുള്ള കേന്ദ്രം കൂടി പൂർണമായി സജ്ജമാവും.

അടിയന്തിരഘട്ടം വന്നാൽ, ഏഴായിരത്തോളം പേരെ ചികിത്സിക്കാൻ കഴിയുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ ആരംഭിച്ചിട്ടുണ്ട്. ചാലക്കുടി-നാല്, ചാവക്കാട്-മൂന്ന്, കൊടുങ്ങല്ലൂർ-മൂന്ന്, കുന്നംകുളം-അഞ്ച്, തലപ്പിള്ളി-മൂന്ന്, തൃശൂർ-എട്ട്, മുകുന്ദപുരം-നാല് എന്നിങ്ങനെയാണ് താലൂക്ക് തിരിച്ചുള്ള സെൻററുകൾ. കൂടുതൽ കെട്ടിടങ്ങൾ ജില്ലാഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് കണ്ടുവെച്ചിട്ടുണ്ട്.

ഇവിടേക്കാവശ്യമായ ആരോഗ്യ പ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ, അടിസ്ഥാന സൗകര്യം, ശുചീകരണ സൗകര്യം ഇവ ഉണ്ടാക്കാനാവശ്യമായ പ്രവർത്തനങ്ങൾ നടക്കുന്നു.

കോവിഡ് സംബന്ധിച്ച നിയന്ത്രണങ്ങൾ സംബന്ധിച്ച തെറ്റായ പ്രചാരവേലകൾ പ്രതിരോധ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്താനാണ് സഹായിക്കുക എന്ന് മന്ത്രി പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച് ജില്ലാ കളക്ടറുടെ പേരിൽ പ്രചരിച്ച വ്യാജവാർത്ത സംബന്ധിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉറവിടം വ്യക്തമല്ലാത്ത രണ്ട് രോഗികളെ കണ്ടെത്തിയതിനെ തുടർന്ന് 50 ആരോഗ്യ പ്രവർത്തകരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്.

അതിഥി തൊഴിലാളികൾക്ക് കോവിഡ് പരിശോധനക്കുള്ള ആവശ്യമായ സൗകര്യം ഏർപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു. തൊഴിലാളികളെ കൊണ്ടുവരുന്നതിന് കെട്ടിട നിർമ്മാതാക്കളും കരാറുകാരുമായി കളക്ടർ ചർച്ച നടത്തിയിട്ടുണ്ട്. അവർ കൊണ്ടു വരുന്നയാളുകളെ ഒരു കേന്ദ്രത്തിൽ താമസിപ്പിച്ച് 14 ദിവസം ക്വാറൻൈറൻ ചെയ്ത് പരിശോധന നടത്തി നെഗറ്റീവ് ആണെങ്കിൽ കൊണ്ടുപോവാം എന്ന് തീരുമാനിച്ചിട്ടുണ്ട്.

അല്ലാതെ വരുന്ന തൊഴിലാളികളെ ആവശ്യമുള്ള കരാറുകാർക്ക് കൊണ്ടുപോയി ക്വാറൻൈറൻ കേന്ദ്രത്തിൽ താമസിപ്പിക്കാവുന്നതാണെന്നും മന്ത്രി അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, തൃശൂർ കോർപറേഷൻ മേയർ അജിത ജയരാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, ജില്ലാ കളക്ടർ എസ്. ഷാനവാസ്, സിറ്റി പോലീസ് കമീഷണർ ആർ. ആദിത്യ, റൂറൽ ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് എന്നിവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button