മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് സംവിധാന ജോഡിയായിരുന്നു സിദ്ധീഖ്‌ലാൽ കൂട്ടുകെട്ട്. ഈ കൂട്ടു കെട്ടിൽ പിറന്ന ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലെ ഒരോ കഥാപാത്രങ്ങളും ഏക്കാലവും മലയാളി ഓർമ്മിക്കുന്നതാണ്.മുകേഷും സിദ്ധിഖും ജഗദീഷും അശോകനും മറ്റാരെയും ആലോചിക്കാൻ കഴിയാത്ത തരത്തിൽ തങ്ങളുടെ റോളുകൾ അത്രയ്ക്ക് മികച്ചതാക്കിയിരുന്നു. ഇതിൽ തന്നെ ജഗദീഷിന്റെ അപ്പുകുട്ടൻ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയർ ബ്രേക്ക് കഥാപാത്രങ്ങളിൽ ഒന്നാണ്.
അതേ സമയം ജഗദീഷിനെ ഈ റോളിൽ നിന്ന് ഒഴിവാക്കാൻ ചില ശ്രമങ്ങൾ ഉണ്ടായിരുന്നെന്നും ഇതിനെ തുടർന്ന് സിദ്ധീഖ് അപ്പുകുട്ടനായി അഭിനേയിച്ചേനെ എന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ സിദ്ധീഖ്.
സിദ്ധീഖിന്റെ വാക്കുകൾ ഇങ്ങനെ:
താനും ലാലും ജഗദീഷിനോട് അടുത്ത ബന്ധമുള്ളവരായിരുന്നു. തങ്ങളുടെ പുതിയ സിനിമയിൽ ജഗദീഷിന് നല്ലൊരു റോളുണ്ടെന്നും കാസ്റ്റിംഗ് തുടങ്ങുമ്പോൾ അറിയിക്കമെന്നും പറഞ്ഞിരുന്നു. എന്നാൽ ആ സമയത്ത് മൊബൈൽ ഫോണുകൾ ഒന്നും ഇല്ലായിരുന്നത് കൊണ്ട് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറിനെ താരങ്ങളെ കാണുവാനും ഡേറ്റ് ബുക്ക് ചെയ്യാനും അയച്ചു.
എന്നാൽ അയാൾ തിരിച്ചു വന്നപ്പോൾ ജഗദീഷ് ഒഴികെ ബാക്കി എല്ലാവരും സമ്മതമറിയിച്ചു എന്നാണ് പറഞ്ഞത്. അദ്ദേഹത്തെ മനസ്സിൽ വിചാരിച്ചു തന്നെയാണ് ഞങ്ങൾ തിരക്കഥ തയ്യാറാക്കിയിരുന്നത്. കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം ഏറെ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്തായാലും മുന്നോട്ട് പോകുവാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു.
ഫാസിൽ സാറുമായി ഇക്കാര്യം ചർച്ച ചെയ്യുകയും ചെയ്തു. ആ സമയത്ത് സിദ്ധിഖ് ചെറിയ റോളുകളിൽ അഭിനയിക്കുന്നുണ്ടായിരുന്നു. പോരാത്തതിന് അദ്ദേഹം ഒരു മിമിക്രി കലാകാരൻ കൂടിയാണ്. അത് കൊണ്ട് തന്നെ സിദ്ധിഖ് ഈ ചിത്രത്തിന് ഒരു മുതൽക്കൂട്ടാകും എന്ന് ഞങ്ങൾ ഉറപ്പിച്ചു. ആ സമയത്ത് തിരുവനന്തപുരത്ത് ഷൂട്ടിങ്ങിൽ ആയിരുന്ന സിദ്ധിഖ് ഞങ്ങൾ പറഞ്ഞത് അനുസരിച്ച് എറണാകുളത്തിന് വന്നു.കഥ കേട്ട സിദ്ധിഖ് വളരെ താല്പ്പര്യം പ്രകടിപ്പിക്കുകയും അപ്പുക്കുട്ടനായി അഭിനയിക്കുവാൻ ഫാസിൽ സർ അദ്ദേഹത്തിന് അഡ്വാൻസ് കൊടുക്കുകയും ചെയ്തു. എന്നാൽ ചിത്രത്തിന്റെ ഛായാഗ്രാഹകനായ വേണുവിനെ കാണാൻ തിരുവനന്തപുരത്തിന് പോകുന്ന വഴി റെയിൽവേ സ്റ്റേഷനിൽ വെച്ച് ഞങ്ങൾ ജഗദീഷിനെ കണ്ടു മുട്ടുകയും എന്താണ് അദ്ദേഹത്തിന് വേണ്ടി എഴുതിയ കഥാപാത്രം നിരസിച്ചതെന്നും ഞങ്ങൾ ചോദിച്ചു.
ഞെട്ടിപ്പോയ ജഗദീഷിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഞാൻ നോ പറഞ്ഞുവെന്ന് ആരാണ് പറഞ്ഞത്? ഞാൻ ആ റോളിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അദ്ദേഹത്തെ കാണാൻ വന്നില്ലേ എന്ന് ചോദിച്ചപ്പോൾ ഇല്ലായെന്നും അവർ അത്ര രസത്തിൽ അല്ലായെന്നും അദ്ദേഹം പറഞ്ഞു.അതിന് മുൻപ് നടന്ന ഒരു പ്രോജക്ടിന്റെ പേരിൽ ഇരുവരും തമ്മിൽ ഒരു അസ്വാരസ്യം ഉണ്ടായിരുന്നു. അവസരം കിട്ടിയപ്പോൾ ആ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അതിന് പക വീട്ടുകയായിരുന്നു. സിദ്ധിഖിനെ ആ റോളിന് വേണ്ടി നിശ്ചയിച്ചുവെന്ന് ജഗദീഷിനോട് പറഞ്ഞപ്പോൾ ഷൂട്ടിംഗ് തുടങ്ങുന്ന ദിവസം താൻ വന്ന് ക്യാമറക്ക് മുന്നിൽ നിൽക്കുമെന്നും വേറൊന്നും തനിക്ക് അറിയേണ്ട എന്നുമാണ് ജഗദീഷ് പറഞ്ഞത്.
തുടർന്ന് തങ്ങൾ പറഞ്ഞത് അനുസരിച്ച് റെയിൽവേ സ്റ്റേഷനിൽ നിന്നും അദ്ദേഹം ഫാസിൽ സാറിനെ വിളിക്കുകയും സംഭവങ്ങൾ എല്ലാം പറയുകയും ചെയ്തു. തിരികെ വരുന്ന വഴി ഞങ്ങളോട് ആലപ്പുഴയിൽ ഇറങ്ങുവാൻ ഫാസിൽ സാർ ആവശ്യപ്പെട്ടു. അവിടെ വെച്ച് അദ്ദേഹം ആ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറെ വിളിക്കുകയും ഇതിലേക്ക് വ്യക്തിപരമായ പ്രശ്നങ്ങളെ വലിച്ചിഴച്ചതിന് ദേഷ്യപ്പെടുകയും ചെയ്തു. ഞങ്ങളോട് ഒരു പരിഹാരം ഫാസിൽ സാർ ആവശ്യപ്പെട്ടു.അപ്പുക്കുട്ടന്റെ റോളിന് ജഗദീഷായിരിക്കും ഏറ്റവും നല്ലതെന്ന് ഞങ്ങൾ ഉറപ്പിച്ചു പറഞ്ഞു. എല്ലാവരെയും സിനിമയിൽ ഉൾപ്പെടുത്തണമെന്ന് ഫാസിൽ സർ പറഞ്ഞു. അതുകൊണ്ട് അപ്പ ഹാജക്ക് വേണ്ടി ഞങ്ങൾ ഒരു പുതിയ കഥാപാത്രത്തെ സൃഷ്ടിച്ചു. സിദ്ധിഖിന്റെയും അശോകന്റെയുമെല്ലാം റോളുകൾ മാറി.
അപ്പ ഹാജക്ക് തന്റെ റോൾ എന്താണെന്ന് ആദ്യം അറിയില്ലായിരുന്നുവെന്നതിനാൽ അപ്പയും ഹാപ്പിയായിരുന്നു. അപ്പുക്കുട്ടൻ ജഗദീഷിന് അദ്ദേഹത്തിന്റെ കരിയറിൽ വലിയൊരു ബ്രേക്ക്ത്രൂ നൽകിയെന്നും സിദ്ധീഖ് പറഞ്ഞു.
Post Your Comments