കൊച്ചി: കോവിഡ് വാക്‌സിന്‍ ഇന്ത്യന്‍ വിപണികളിലെത്തുന്നതിന്റെ ശുഭ സൂചനകള്‍ പങ്കുവച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടര്‍ പുരുഷോത്തമന്‍ സി.നമ്പ്യാര്‍. വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഇന്നലെ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയെന്നും പരീക്ഷണം കഴിഞ്ഞ് 42ാം ദിവസം ഫലമറിയാമെന്നും വിജയിച്ചാല്‍ കോവിഡ് വാക്‌സിന്‍ നവംബറില്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ രോഗപ്രതിരോധ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ ജനങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി ലഭിക്കും. പൊതുവിപണിയില്‍ ആയിരം രൂപയില്‍ താഴെ വിലയ്ക്ക് വാക്‌സിന്‍ ലഭ്യമാക്കാനാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശ്രമം. ഓക്‌സ്ഫഡ് വാക്‌സിന്‍ രണ്ടുഘട്ടങ്ങള്‍ വിജയകരമായതിനെത്തുടര്‍ന്ന് മനുഷ്യരിലുള്ള പരീക്ഷണത്തിന്റെ അവസാനഘട്ടം ഇന്ത്യയില്‍ നടത്താനാണ് പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടിയത്.
രോഗവ്യാപനം അതിരൂക്ഷമായ പുണെ, മുബൈ നഗരങ്ങളിലാകും മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി ലഭിക്കുകയെന്നാണ് പ്രതീക്ഷയെന്നും പരീക്ഷണം വിജയിച്ചാല്‍ പ്രായമായവര്‍ക്കും രോഗസാധ്യതയേറിയവര്‍ക്കുമായിരിക്കും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ലഭ്യമാക്കുകയെന്നും പ്രതിമാസം 10 കോടി വരെ വാക്‌സിന്‍ ഉല്‍പാദിപ്പിക്കാനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പദ്ധതിയെന്നും പുരുഷോത്തമന്‍ നമ്പ്യാര്‍ പറഞ്ഞു. പരീക്ഷണത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ സിറവുമായി ഓക്‌സ്ഫഡ് സര്‍വകലാശാല ഉല്‍പ്പാദന കരാര്‍ ഒപ്പിട്ടിരുന്നു.
Post Your Comments