ന്യൂഡൽഹി: ഇന്ത്യൻ സൈന്യവും റഷ്യൻ സൈന്യവും തങ്ങളുടെ സൈനിക താവളങ്ങൾ പരസ്പരം ഉപയോഗിക്കാനുള്ള കരാറിൽ ഒപ്പുവെക്കുമെന്ന് റിപ്പോർട്ടുകൾ. ഈ വർഷം അവസാനം ഇന്ത്യയിൽ വെച്ച് നടക്കുന്ന ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടിയിൽ കരാർ ഒപ്പിട്ടേക്കുമെന്നാണ് സൂചനകൾ. കരാർ യാഥാർഥ്യമാക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് വിവരങ്ങൾ. വാർഷിക ഉച്ചകോടിക്ക് റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുതിൻ ഇന്ത്യയിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
ഇതുവഴി ഇരുരാജ്യങ്ങളുടെയും വ്യോമ- നാവിക സേനകൾക്ക് പരസ്പരം സൈനിക താവളങ്ങൾ ഉപയോഗിക്കാൻ സാധിക്കും.അറ്റക്കുറ്റപ്പണികൾ, ഇന്ധനം നിറയ്ക്കൽ തുടങ്ങിയവയ്ക്കും മറ്റ് സേനവനങ്ങൾക്കുമായി പരസ്പരം സേനാ താവളങ്ങൾ ഉപയോഗിക്കാൻ ഇതുവഴി ഇരുരാജ്യങ്ങളുടെയും സൈന്യത്തിന് സാധിക്കും. ഇതോടൊപ്പം ഇന്ത്യ- റഷ്യ സംയുക്ത സൈനിക പരിശീലനവും ശക്തിപ്പെടുത്തുമെന്ന് ഇക്കണോമിക് ടൈംസ് വാർത്തയിൽ പറയുന്നു.
ഉത്തര ധ്രുവ മേഖലകളിൽ ഇന്ത്യയ്ക്ക് സാമ്പത്തിക താത്പര്യങ്ങളുണ്ട്. ഇവിടെയുള്ള ഊർജ നിക്ഷേപങ്ങൾ ഉപയോഗിക്കുന്നതിന് ഇന്ത്യയെ സഹായിക്കാമെന്ന് റഷ്യ വാഗ്ദാനവും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആർട്ടിക്കിനോട് സമീപത്തുള്ള റഷ്യയുടെ സൈനിക താവളങ്ങൾ കരാർ അനുസരിച്ച് ഇന്ത്യ ഉപയോഗിക്കാൻ ശ്രമിച്ചേക്കും.
നേരെ മറിച്ച് മുംബൈ- വിശാഖപട്ടണം തുറമുഖങ്ങളാകും റഷ്യൻ കപ്പലുകൾക്കായി തുറന്നുകൊടുക്കുക.നിലവിൽ അമേരിക്ക, ഫ്രാൻസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി ഇന്ത്യ സമാനമായ ലോജിസ്റ്റിക് കരാർ ഒപ്പിട്ടിരുന്നു. റഷ്യയ്ക്ക് പുറമേ ജപ്പാനുമായും സമാനമായ കരാറിലേർപ്പെടാനുള്ള ശ്രമത്തിലാണ് ഇന്ത്യ.
Post Your Comments