ന്യൂഡല്‍ഹി: ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോവിഡ് വാക്‌സിന്‍ നവംബറോടെ ഇന്ത്യയിലെത്തുമെന്ന് പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാല. ഏകദേശം 1000 രൂപ വില വരുമെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷണം നടത്താത്ത മരുന്നിനായി 200 മില്യണ്‍ ഡോളര്‍ (ഏകദേശം 1500 കോടി രൂപ) ചെലവഴിക്കാനുള്ള തീരുമാനം വെറും 30 മിനിറ്റിനുള്ളിലാണ് സ്വീകരിച്ചത്. രണ്ടും മൂന്നും ഘട്ട ട്രയലുകള്‍ പരാജയപ്പെട്ടാല്‍ നിര്‍മിച്ച മുഴുവന്‍ മരുന്നും നശിപ്പിച്ചു കളയേണ്ടി വന്നേനെ. വെറും 30 മിനിട്ടിനുള്ളില്‍ തന്നെ മുന്നോട്ടുപോകാനുള്ള തീരുമാനം ഏകകണ്ഠമായി എടുക്കുകയായിരുന്നുവെന്നും അദര്‍ പൂനവാല പറഞ്ഞു.
ഇന്ത്യയില്‍ എല്ലാവരിലേക്കും വാക്‌സിന്‍ എത്തിക്കാന്‍ രണ്ടു വര്‍ഷം വേണ്ടിവരും. ഓഗസ്റ്റില്‍ ഇന്ത്യയില്‍ മൂന്നാം ഘട്ട വാക്‌സിന്‍ പരീക്ഷണം ഏറെ പ്രതീക്ഷയോടെയാണ് നടത്തുന്നത്. രണ്ടര മാസത്തിനുള്ളില്‍ അത് പൂര്‍ത്തിയാകും. ട്രയല്‍ പോസിറ്റീവായി ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കിയാല്‍ നവംബറില്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ കഴിയുമെന്നും അദര്‍ പൂനവാല പറഞ്ഞു. ഇന്ത്യക്കൊപ്പം ലോകത്താകെയും വാക്‌സിന്‍ ലഭ്യമായില്ലെങ്കില്‍ അതുകൊണ്ടു ഗുണമുണ്ടാകില്ല. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകര്‍ക്കാവും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ലഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments