ലോകം മുഴുവന്‍ ഭീതി പടര്‍ത്തി വ്യാപിക്കുകയാണ് കൊറോണ വൈറസ് 19 എന്ന കോവിഡ് 19. ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപുറപ്പെട്ട് ഇന്ന് ലോകത്തിന്റെ ഭൂരിഭാഗം കോണുകളിലെത്തിയ ഈ വൈറസ് നിരവധി ജീവനുകളാണ് കവര്‍ന്നെടുത്തത്. ഇന്ന് ലോകരാജ്യങ്ങള്‍ പോലും കോവിഡിനു മുന്നില്‍ മുട്ടുമടക്കിയിക്കുകയാണ്. ഈ വൈറസിന് മരുന്നു കണ്ടുപിടിക്കാമുള്ള നെട്ടോട്ടത്തിലാണ് രാജ്യങ്ങള്‍. മരുന്നു കണ്ടു പിടിച്ചെന്ന തരത്തില്‍ വ്യാജ പ്രചരണങ്ങളും ഇതിനിടയില്‍ ശ്രദ്ധപിടിച്ചു പറ്റുമ്പോള്‍ ഇതുവരെ മരുന്ന് കണ്ടു പിടിച്ചിട്ടില്ല എന്ന സത്യാവസ്ഥ പലരും മറക്കുകയാണ്. കോവിഡ് ഇപ്പോള്‍ തന്നെ പല രാജ്യങ്ങളിലെയും ജീവന്‍ കാര്‍ന്നെടുത്തു കൊണ്ടേ ഇരിക്കുകയാണ്. ഇതിനെ കുറിച്ച് എഴുതുകയാണ് മുരളി തുമ്മാരുകുടി.
ഇപ്പോള്‍ ജനങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നതും ജനങ്ങള്‍ മറന്നു കൊണ്ടിരിക്കുന്നതുമായ കാര്യങ്ങളെ കുറിച്ച് ഒരു ഓര്‍മപെടുത്തല്‍ കൂടിയാണ് ഈ കുറിപ്പ്. ചൈനയിലെ വുഹാനില്‍ ആദ്യമായി റിപ്പോട്ട് ചെയ്ത കോവിഡ് 2020 ജൂലൈ 21 ആകുമ്പോള്‍ കേസുകളുടെ എണ്ണം 83,693, മരിച്ചവരുടെ എണ്ണം 4634 എന്ന സ്ഥിയിലാണ്. തുടക്കത്തില്‍ രോഗികളെ കൊണ്ടും മരണം കൊണ്ടും ഒന്നാമത് നിന്നിരുന്ന രാജ്യം ഇപ്പോള്‍ 26 ആം സ്ഥാനത്താണ് എന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
പിന്നീട് വാര്‍കത്തകള്‍ ഭീതി പടര്‍ത്തിയത് ഇറ്റലിയായിരുന്നു. അവിടെ ഉണ്ടായ കേസുകളുടെ എണ്ണം 244,624, മരണം 35,038. ഇപ്പോള്‍ പതിനഞ്ചാം സ്ഥാനത്താണ്. പിന്നീട് ലോകശ്രദ്ധ പോയത് യുണൈറ്റഡ് കിങ്ഡത്തിലേക്കാണ്. കോവിഡിനെ നിസാരമായി കണ്ട രാജ്യം അടച്ചിടേണ്ട കാര്യമില്ല എന്നാണ് അവര്‍ ആദ്യമേ തീരുമാനിച്ചത്. കേസുകളുടെ എണ്ണം കൂടിയപ്പോള്‍ അത് മാറ്റി. മൊത്തം കേസുകളുടെ എണ്ണം 295,372, മരണ സംഖ്യ 45,312. ഇപ്പോള്‍ പത്താം സ്ഥാനം.
പിന്നീട് ലോകശ്രദ്ധ നേടിയത് കേരളമായിരുന്നു. ആദ്യകാലത്ത് ഫലപ്രദമായി രോഗവ്യാപനം തടഞ്ഞു നിര്‍ത്തുന്നതില്‍ വിജയിച്ച കേരളം പിന്നോട്ട് പോയതാണ് വര്‍ത്തയായത്. കേരളത്തിന്റെ ഇരട്ടി ജനസംഖ്യയുള്ള യു കെ യില്‍ കേസുകളുടെ എണ്ണം മൂന്നു ലക്ഷമായപ്പോള്‍ കേരളത്തിലെ കേസുകളുടെ എണ്ണം ഒന്നരലക്ഷം ആയാല്‍ അതിലെന്താണ് ആഗോള വാര്‍ത്താ മൂല്യമെന്ന് ചോദ്ക്കുന്നവര്‍ക്ക് മുരളി തുമ്മാരകുടി അതിനുള്ള ഉത്തരവും നല്‍കുന്നുണ്ട്.
ഡല്‍ഹിയില്‍ മരണം മൂവായിരം കവിഞ്ഞു, പക്ഷെ അവിടുത്തെ ജനസംഖ്യ കേരളത്തിലേതിനേക്കാള്‍ താഴെയാണ്. അപ്പോള്‍ നാളെ കേരളത്തില്‍ അയ്യായിരം പേര്‍ മരിച്ചാല്‍ അത് കേള്‍ക്കുന്നവര്‍ എന്തിന് അത്ഭുതപ്പെടണമെന്നും അദ്ദേഹം ചോദിക്കുന്നു. ബ്രസീലില്‍ എത്ര ആളുകള്‍ മരിക്കുന്നുണ്ടെന്ന് നമ്മള്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു.
കേരളത്തില്‍ മരിക്കുന്നവര്‍ നമുക്ക് അച്ഛനും അമ്മയും സഹോദരരനും സഹപ്രവര്‍ത്തകയും സുഹൃത്തുക്കളും ഒക്കെയാകാം. പക്ഷെ ഇവര്‍ ഓരോരുത്തരും ലോകത്തിന് വ്യക്തികളല്ല, അക്കങ്ങള്‍ ആണ്. അത് തന്നെ ഇന്ത്യയുടെ മൊത്തം അക്കങ്ങള്‍ക്കുള്ളില്‍ എവിടെയോ കിടക്കുന്ന ഒന്നാണെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. ഇത്തരത്തില്‍ നിരവധി ഓര്‍മപ്പെടുത്തലും കേരളത്തിലും ഇന്ത്യയിലും ലോക രാജ്യങ്ങളിലും വ്യാപിച്ചു കൊണ്ടിരിക്കുന്ന കോവിഡിനെ കുറിച്ചും മുന്‍ കരുതലുകളെയും കുറിച്ചാണ് മുരളി തുമ്മാരുകുടി എഴുതുന്നത്.
മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
കൊറോണ: യുദ്ധം പടിവാതില്‍ക്കല്‍ എത്തുമ്പോള്‍
ചൈനയിലാണ് ആദ്യമായി കൊറോണ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന്, 2020 ജൂലൈ 21ന് ചൈനയിലെ കേസുകളുടെ എണ്ണം 83,693, മരിച്ചവരുടെ എണ്ണം 4634. (worldometer വിവരമാണ്. ഓരോ വെബ്സൈറ്റിലും ചെറിയ വ്യത്യാസങ്ങള്‍ കാണും. പൊതുവിലുള്ള സ്ഥിതി ഇതാണ്). ഇന്നിപ്പോള്‍ ലോകത്ത് 26 ആണ് ചൈനയുടെ സ്ഥാനം.
ഇറ്റലിയാണ് രണ്ടാമത് വാര്‍ത്തകളില്‍ നിറഞ്ഞത്. അവിടെ ഉണ്ടായ കേസുകളുടെ എണ്ണം 244,624, മരണം 35,038. ഇപ്പോള്‍ പതിനഞ്ചാം സ്ഥാനം.
പിന്നീട് ശ്രദ്ധാ കേന്ദ്രമായത് യുണൈറ്റഡ് കിങ്ഡം ആണ്. രാജ്യം അടച്ചിടേണ്ട കാര്യമില്ല എന്നാണ് അവര്‍ ആദ്യമേ തീരുമാനിച്ചത്. കേസുകളുടെ എണ്ണം കൂടിയപ്പോള്‍ അത് മാറ്റി. മൊത്തം കേസുകളുടെ എണ്ണം 295,372, മരണ സംഖ്യ 45,312. ഇപ്പോള്‍ പത്താം സ്ഥാനം.
ഒരു കാരണവശാലും ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കില്ല എന്ന് പറഞ്ഞ സ്വീഡന്‍ ആണ് പിന്നീട് വാര്‍ത്തയില്‍ നിറഞ്ഞത്. ഇന്ന് അവിടെ 78,048 കേസുകള്‍, മരണം 5,639. ഇരുപത്തി ഏഴാം സ്ഥാനത്ത്.
കോവിഡ് എന്ന് പറഞ്ഞാല്‍ ഒരു ഫ്‌ലൂ പോലെ ആണെന്ന് ചിന്തിച്ച നേതൃത്വമുള്ള അമേരിക്കയില്‍ പിന്നീട് കേസുകളുടെ എണ്ണം 3,961,556, മരണം 143,885. ലോകത്ത് ഒന്നാം സ്ഥാനത്ത് തുടരുന്നു.
ഈ പ്രദേശങ്ങളില്‍ ഒക്കെ കൊറോണ നിറഞ്ഞാടുമ്പോള്‍ രോഗവ്യാപനത്തെ അടിച്ചു പരത്തിയാണ് കേരളം ലോകശ്രദ്ധ നേടിയത്. നമുക്ക് ശേഷം ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇടങ്ങളിലെല്ലാം എണ്ണം ഒന്നില്‍ നിന്നു പത്തും, പത്തില്‍ നിന്ന് നൂറും, നൂറില്‍ നിന്ന് ആയിരവും പതിനായിരവും ലക്ഷവും ആയപ്പോഴും നമ്മള്‍ ഒച്ചിഴയുന്നതു പോലെ പതുക്കെയാണ് ആയിരത്തില്‍ പോലും എത്തിയത്.
പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. ആയിരം രണ്ടായിരമായി, രണ്ടായിരം അയ്യായിരമായി, അയ്യായിരം പതിനായിരമായി.
ഈ രോഗത്തിന്റെ പ്രത്യേകത അറിയാവുന്ന ആര്‍ക്കും ഇതില്‍ അതിശയമില്ല. രോഗത്തെ തടഞ്ഞു നിര്‍ത്തുന്നതാണ് വര്‍ത്തയാകുന്നത്. ആദ്യകാലത്ത് ഫലപ്രദമായി രോഗവ്യാപനം തടഞ്ഞു നിര്‍ത്തുന്നതില്‍ വിജയിച്ച കേരളം പിന്നോട്ട് പോയതാണ് ഇനി വര്‍ത്തയാകാന്‍ പോകുന്നത്.
കേരളത്തിന്റെ ഇരട്ടി ജനസംഖ്യയുള്ള യു കെ യില്‍ കേസുകളുടെ എണ്ണം മൂന്നു ലക്ഷമായപ്പോള്‍ കേരളത്തിലെ കേസുകളുടെ എണ്ണം ഒന്നരലക്ഷം ആയാല്‍ അതിലെന്താണ് ആഗോള വാര്‍ത്താ മൂല്യം?. ഡല്‍ഹിയില്‍ മരണം മൂവായിരം കവിഞ്ഞു, പക്ഷെ അവിടുത്തെ ജനസംഖ്യ കേരളത്തിലേതിനേക്കാള്‍ താഴെയാണ്. അപ്പോള്‍ നാളെ കേരളത്തില്‍ അയ്യായിരം പേര്‍ മരിച്ചാല്‍ അത് കേള്‍ക്കുന്നവര്‍ എന്തിന് അത്ഭുതപ്പെടണം?. ബ്രസീലില്‍ എത്ര ആളുകള്‍ മരിക്കുന്നുണ്ടെന്ന് നമ്മള്‍ ശ്രദ്ധിക്കുന്നുണ്ടോ?.
കേരളത്തില്‍ മരിക്കുന്നവര്‍ നമുക്ക് അച്ഛനും അമ്മയും സഹോദരരനും സഹപ്രവര്‍ത്തകയും സുഹൃത്തുക്കളും ഒക്കെയാകാം. പക്ഷെ ഇവര്‍ ഓരോരുത്തരും ലോകത്തിന് വ്യക്തികളല്ല, അക്കങ്ങള്‍ ആണ്. അത് തന്നെ ഇന്ത്യയുടെ മൊത്തം അക്കങ്ങള്‍ക്കുള്ളില്‍ എവിടെയോ കിടക്കുന്ന ഒന്ന്.
ഈ കൊറോണ രോഗത്തിന്റെ ഒരു വലിയ പ്രത്യേകത ദൂരെ നിന്നും വരുന്ന തിരമാലപോലെയാണ് ഇത്. മാസങ്ങളുടെ മുന്നറിയിപ്പ് ഉണ്ട്. ഈ രോഗം മൂലം ചൈനയില്‍ എന്താണ് സംഭവിച്ചത്, അവര്‍ എന്താണ് ചെയ്തത് എന്നെല്ലാം ഇറ്റലിക്ക് അറിയാം, ഇറ്റലി ചെയ്തത് യു കെ ക്ക് അറിയാം, യു കെ ചെയ്തത് അമേരിക്കക്ക് അറിയാം. മറ്റുളളവര്‍ എന്താണ് ചെയ്യുന്നതെന്ന് എല്ലാവര്‍ക്കും കാണാം, അറിയാം. വേണമെങ്കില്‍ മുന്‍കരുതലെടുക്കാം.
പക്ഷെ എന്തുകൊണ്ടോ ഓരോ രാജ്യവും സംസ്ഥാനവും ഭൂഖണ്ഡവും ‘ഇതൊന്നും നമ്മളെ ബാധിക്കുന്ന പ്രശ്‌നമല്ല’ എന്ന മട്ടില്‍ നോക്കി നില്‍ക്കുന്നു. അമേരിക്കയില്‍ തന്നെ ന്യൂ യോര്‍ക്കില്‍ രണ്ടുമാസം മുന്‍പ് വലിയ വെല്ലുവിളികള്‍ ഉണ്ടായപ്പോഴും ഫ്‌ലോറിഡ അത് അവരെ ബാധിക്കുന്ന പ്രശ്‌നമല്ല എന്ന മട്ടില്‍ നോക്കിയിരുന്നു. ഇന്നിപ്പോള്‍ ന്യൂ യോര്‍ക്കിലെ കാഴ്ചകള്‍ ഫ്‌ലോറിഡയില്‍ ആവര്‍ത്തിക്കുന്നു.
കേരളത്തിന്റെ കാര്യവും ഭിന്നമല്ല. വുഹാനിലും ലൊംബാര്‍ഡിയിലും ലണ്ടനിലും ന്യൂയോര്‍ക്കിലും ഡല്‍ഹിയിലും ഒക്കെ നിറഞ്ഞാടിയ കൊറോണ സീരീസ് കേരളത്തിലും എത്തിയിരിക്കുന്നു.
ഇതിനെ തടയാന്‍ നമ്മള്‍ നന്നായി ശ്രമിച്ചു, ആദ്യകാലങ്ങളില്‍ ഏറെ വിജയിച്ചു. ഈ കാലഘട്ടത്തില്‍ ലോകം ഈ രോഗത്തെ കൂടുതല്‍ അറിഞ്ഞു. അത് നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു. ടെസ്റ്റിംഗ് മുതല്‍ ആശുപത്രി സംവിധാനങ്ങള്‍ വരെ ഒരുക്കാന്‍ നമുക്ക് കൂടുതല്‍ സമയം ലഭിച്ചു. യുദ്ധം നമ്മുടെ മുറ്റത്തെത്തുന്‌പോള്‍ മാര്‍ച്ചിലേതിനേക്കാള്‍ വലിയ തയ്യാറെടുപ്പിലാണ് നമ്മള്‍. അത്രയും ആശ്വസിക്കാനുണ്ട്.
പക്ഷെ എത്ര ശ്രമിച്ചിട്ടും യുദ്ധം നമ്മുടെ മുറ്റത്ത് എത്തിക്കഴിഞ്ഞു.
ഇനി മറ്റു സ്ഥലങ്ങളില്‍ കണ്ട കാഴ്ചകള്‍ ഒക്കെ നമ്മള്‍ നമ്മുടെ ചുറ്റും കാണാന്‍ തുടങ്ങും
പ്രാദേശികമായെങ്കിലും ആശുപത്രി കിടക്കളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ രോഗികള്‍ ഉണ്ടാകുന്നത് നാം കാണേണ്ടി വരും.
രോഗമുളളവര്‍ ഗുരുതരമല്ലെങ്കില്‍ വീട്ടില്‍ ഇരുന്നാല്‍ മതി എന്ന് നാം ചിന്തിക്കും.
മരണ സംഖ്യ രണ്ടക്കത്തില്‍ നിന്ന് മൂന്നും, പിന്നെ നാലും ആകും.
മരിച്ചവരെ സംസ്‌കരിക്കാന്‍ നമ്മള്‍ ബുദ്ധിമുട്ടും.
ആരോഗ്യ പ്രവര്‍ത്തകര്‍ ക്ഷീണിക്കും, പലരും മരിക്കും.
നേതൃത്വ നിരയിലുള്ളവര്‍ക്ക് തന്നെ രോഗം ഉണ്ടാകും, ആത്മവിശ്വാസം കുറയും.
ജനം പേടിക്കും.
മലയാളികള്‍ക്ക് പ്രത്യേക ഇമ്മ്യൂണിറ്റിയോ കേരളത്തിന്റെ കാലാവസ്ഥക്ക് പ്രത്യേകതയോ ഇല്ലെന്ന് നമുക്ക് വ്യക്തമാകും.
കൊറോണ എന്നത് ഒരു രാഷ്ട്രീയവിഷയമല്ല ആരോഗ്യവിഷയമാണെന്ന് എല്ലാവര്‍ക്കും ഉറപ്പാകും.
ആധുനിക ശാസ്ത്രത്തിനല്ലാതെ ആര്‍ക്കും നമ്മളെ രക്ഷിക്കാന്‍ പറ്റില്ലെന്ന് നാം മനസ്സിലാക്കും
ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ ആളുകള്‍ അക്ഷരം പ്രതി അനുസരിക്കും.
അനാവശ്യ വിവാദങ്ങള്‍ ഇല്ലാതാകും.
സമരവും കൂട്ടം കൂടലും മാറ്റിവയ്ക്കും.
കൊറോണ കേസുകളുടെ എണ്ണം കുറയും. ജനജീവിതം പതുക്കെ തിരിച്ചു വരും,
ആളുകള്‍ പുറത്തിറങ്ങും, കൂട്ടം കൂടും.
പിന്നെ മരിച്ചവരുടെ കണക്കെടുപ്പാകും, മരണത്തിന് ആരാണ് ഉത്തരവാദി എന്നാകും,
വീണ്ടും സമരം വരും.
വീണ്ടും രാഷ്ട്രീയം വരും,
വീണ്ടും കൊറോണ വരും,
വീണ്ടും ആളുകള്‍ മരിക്കും
.
വാക്സിന്‍ വരുന്നത് വരെ ഈ സീനുകള്‍ ‘പാലുകാച്ചല്‍ – ഓപ്പറേഷന്‍’ എന്ന നിലയില്‍ മാറിമാറി കാണിച്ചുകൊണ്ടിരിക്കും.
‘ഉന്മാദം എന്നാല്‍ ഒരേ കാര്യം വീണ്ടും വീണ്ടും ചെയ്തിട്ട് അതിന് വ്യത്യസ്ത ഫലങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതാണ്’ എന്ന് പ്രശസ്തമായ ഒരു ചൊല്ലുണ്ട് (Insanity Is Doing the Same Thing Over and Over Again and Expecting Different Results). ഐന്‍സ്റ്റീന്റെ ആണെന്ന് പറയുന്നു.
തല്‍ക്കാലം നമ്മള്‍ ആ മനസികാവസ്ഥയിലാണ്.
ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ഞാന്‍ ഈ വിഷയത്തില്‍ എഴുതി തുടങ്ങിയതാണ്. കൊറോണയുടെ ഓരോ ഘട്ടങ്ങളും എങ്ങനെയായിരിക്കും എന്ന് ലോകത്തെവിടെനിന്നുമുള്ള പാഠങ്ങള്‍ നമ്മുടെയെല്ലാം ഫോണില്‍ എത്തിയതാണ്. ഇനിയിപ്പോള്‍ അത്തരം മുന്നറിയിപ്പുകളുടെ ആവശ്യമില്ല. സുനാമി വീട്ടുമുറ്റത്ത് എത്തിക്കഴിയുന്‌പോള്‍ എല്ലാവര്‍ക്കും അത് സുനാമിയാണെന്ന് മനസ്സിലാകും. ഓടിപ്പോകാന്‍ സമയമോ സുരക്ഷിതമായിരിക്കാന്‍ സ്ഥലമോ ഉണ്ടായിരിക്കില്ല എന്ന് മാത്രം. അവിടെ ‘മുന്‍’ അറിയിപ്പിന് പ്രസക്തിയില്ല.
എങ്ങനെയാണ് നമ്മള്‍ ഇവിടെ എത്തിയത് എന്നതിനെപ്പറ്റി നമുക്ക് ഓരോരുത്തര്‍ക്കും അഭിപ്രായമുണ്ടാകും. അത് പൊതുവില്‍ നമ്മുടെ രാഷ്ട്രീയത്തിന്റെ ചായ്വ് അനുസരിച്ചായിരിക്കും. നമ്മുടെ ചിന്തകള്‍ എന്താണെങ്കിലും അതിനും ഇനി പ്രസക്തിയില്ല. പുലി വീട്ടില്‍ കയറിക്കഴിഞ്ഞാല്‍ ആരാണ് പുലിയെ വീട്ടില്‍ കയറ്റിയതെന്ന താത്വികമായ അവലോകനത്തിന് എന്ത് പ്രസക്തി ?. തടി രക്ഷിക്കുക, അത്ര തന്നെ.
കഴിഞ്ഞ ദിവസം പറഞ്ഞത് പോലെ റോളര്‍ കോസ്റ്ററിന്റെ വേഗത കൂടുകയാണ്, പിടിച്ചിരിക്കുക. തീര്‍ച്ചയായും കുറച്ചു നാള്‍ കഴിയുമ്പോള്‍ ഇതിന്റെ വേഗത കുറയും, മിക്കവാറും പേര്‍ റൈഡില്‍ നിന്നും പുറത്തിറങ്ങും. നമ്മളുംഅതിലുണ്ടാകുമെന്ന് പ്രത്യാശിക്കുക.
അത് കഴിഞ്ഞാല്‍ ബാക്കിയുള്ളവര്‍ക്ക് ശാസ്ത്രീയവും രാഷ്ട്രീയവുമായ അവലോകനത്തിന് സമയമുണ്ട്, ഉണ്ടാകും, ഉണ്ടാകണം.
#സുരക്ഷിതരായിരിക്കുക
മുരളി തുമ്മാരുകുടി
Post Your Comments