കോവിഡ് വ്യാപനത്തില്‍ പ്രതിപക്ഷ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗബാധ പിടിച്ചുനിര്‍ത്താന്‍ വേണ്ട നടപടികള്‍ മാത്രമാണ് കേരളം സ്വീകരിച്ചതെന്നും പുറത്ത് നിന്ന് വരുന്നവര്‍ക്ക് പാസ് നിര്‍ബന്ധമാക്കിയത് ഇക്കാരണത്താലാണെന്നും അദ്ദേഹം വ്യക്തമാക്കി. പാസില്ലാതെ വരുന്നവരെ കണ്ടെത്താനായില്ലെങ്കില്‍ രോഗവ്യാപനം പിടിച്ചുനിര്‍ത്താനാവില്ല. അത് തകര്‍ക്കാന്‍ സംസ്ഥാന അതിര്‍ത്തിയില്‍ സമരം നടത്തിയത് ഇവരല്ലേയെന്നും ഒരു നിയന്ത്രണവുമില്ലാതെ രോഗം വ്യാപിച്ചോട്ടെ എന്നല്ലേ അവര്‍ ലക്ഷ്യമിട്ടതെന്നും അത്തരക്കാര്‍ തന്നെയാണ് മത്സ്യത്തൊഴിലാളികള്‍ക്കെതിരെയാണ് സര്‍ക്കാര്‍ എന്ന് പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു.
ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന അവരോട് ഒറ്റക്കാര്യമേ ചോദിക്കാനുള്ളൂ. കോവിഡ് വ്യാപനം തടയാന്‍ എന്തെങ്കിലും ക്രിയാത്മകമായ സംഭാവന നിങ്ങള്‍ നല്‍കിയോയെന്നും മുഖ്യമന്ത്രി ചോദിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചും സമരം നടത്തുമെന്ന് പ്രഖ്യാപിച്ചവര്‍ ഇവിടെയില്ലേയെന്നും ആരോടായിരുന്നു വെല്ലുവിളി, ഹൈക്കോടതിയോടോ അതോ സാധാരണ ജനങ്ങളോടോ എന്നും അദ്ദേഹം ചോദിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ അപകടം നിങ്ങള്‍ക്ക് മാത്രമല്ല. നാടിനാകെ വരുമെന്നും നിങ്ങളുടെ സന്ദേശം അതല്ലേയെന്നും അത് മനസ്സിലാകാത്തത് കൊണ്ടാണ് ഇത്തരം നീചമായ രാഷ്ട്രീയക്കളിക്ക് തയ്യാറാകുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേരളത്തില്‍ ഏറ്റവും മികച്ച നിലയിലാണ് കോവിഡ് പ്രതിരോധം നടക്കുന്നത്. രോഗബാധ അപകടമാണെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതല്‍ പ്രതിരോധ പ്രവര്‍ത്തനം തുടങ്ങിയ സംസ്ഥാനമാണ് കേരളം. ആദ്യഘട്ടങ്ങളില്‍ ഇവിടെ വന്നവരില്‍ നിന്ന് രോഗം പടരാതെ നോക്കാനായത് അതുകൊണ്ടാണ്. അതിന് ഇനിയും ശ്രമിക്കുമെന്നും ഇടങ്കോലിടരുതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും പറയുന്നത് പ്രാധാന്യത്തിലെടുക്കേണ്ടെന്ന് ഇത്തരക്കാര്‍ തന്നെ പറഞ്ഞു. ഇത്തരത്തില്‍ സൃഷ്ടിച്ച പൊതുബോധം പ്രതിരോധത്തിന് പ്രതിബന്ധം സൃഷ്ടിച്ചോയെന്ന് അവര്‍ തന്നെ ചിന്തിക്കട്ടെയെന്നും എല്ലാവരും യോജിച്ച് മഹാമാരിയെ പ്രതിരോധിക്കണം എന്ന ഒരു ലക്ഷ്യമെ സര്‍ക്കാരിനൊള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments