തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ബിജെപി ഇന്ന് കരിദിനമാചരിക്കുമെന്ന് കെ.സുരേന്ദ്രന്‍ അറിയിച്ചു.സംസ്ഥാനത്തെ 10 ലക്ഷത്തോളം ഭവനങ്ങളില്‍ പ്രതിഷേധ ജ്വാല തെളിച്ചും വാർഡ് തലത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചും പ്രതിഷേധിക്കുമെന്നും കെ സുരേന്ദ്രൻ അറിയിച്ചു.
സ്വര്‍ണ്ണക്കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് ഒത്താശ ചെയ്തതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അന്വേഷണം മുഖ്യമന്ത്രിയിലേക്കും അദ്ദേഹത്തിന്റെ വിശ്വസ്ഥരിലേക്കും നീളുന്ന സാഹചര്യമാണുള്ളത്. എന്നിട്ടും സ്ഥാനത്തു നിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടാനുള്ള മര്യാദ പിണറായി കാണിക്കാത്തത് കേരളജനതയ്ക്കാകെ നാണക്കേടാണെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് ബിജെപി നേതൃത്വം നല്‍കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, കൺസൾട്ടൻസി കരാറുകളിലെ ചട്ടലംഘനത്തിൽ തുടങ്ങി സ്വര്‍ണക്കടത്ത് കേസുവരെയുള്ള ആക്ഷേപങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന വാദം ശക്തമായിരിക്കെ പെരുമാറ്റ ചട്ടം ഉറപ്പാക്കാൻ സിപിഎം നടപടികള്‍ തുടങ്ങി. എല്ലാ സിപിഎം മന്ത്രിമാരുടേയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ച് ചേര്‍ക്കാനാണ് തീരുമാനം.
ഈ മാസം 23 നാണ് യോഗം തീരുമാനിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യോഗത്തിൽ നേരിട്ട് പങ്കെടുക്കും.
Post Your Comments