ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,884 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 671 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 10,38,716 ആയി. ഇതില്‍ 3,58,692 എണ്ണം സജീവ കേസുകളാണ്. 6,53,751 പേര്‍ ഇതുവരെ രോഗമുക്തി നേടി. 26,273 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 കാരണം ജീവന്‍ നഷ്ടമായതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
ജൂലൈ 17 വരെ 1,34,33,742 സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. ഇന്നലെ മാത്രം 3,61,024 സാമ്പിളുകളും പരിശോധിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 8308 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 292589 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 258 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 11452 ആയി ഉയര്‍ന്നു. നിലവില്‍ 120480 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 160357 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം തമിഴ്നാട്ടിലും വൈറസ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 4538 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 160907 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 79 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 2315 ആയി ഉയര്‍ന്നു. നിലവില്‍ 47782 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 110807 പേരാണ് രോഗമുക്തി നേടിയത്. ഡല്‍ഹിയില്‍ 1,20,107 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. 3,571 പേര്‍ മരിച്ചു. 99,301 പേര്‍ രോഗമുക്തി നേടി. 17,235 സജീവ കേസുകളാണുള്ളത്.
Post Your Comments