വാഷിങ്ടൻ : ഹോങ്കോങ്ങിൽ, ദേശീയ സുരക്ഷാ നിയമം ചൈന ഏർപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും യുഎസിലേക്ക് പ്രവേശിക്കുന്നത് നിരോധിക്കുന്നത് യുഎസ് ഭരണകൂടത്തിന്റെ പരിഗണനയിലെന്ന് റിപ്പോർട്ടുകൾ.
ചർച്ചയിലുള്ള ഈ പദ്ധതി പ്രകാരം, നിലവിൽ അമേരിക്കയിൽ തങ്ങുന്ന ചെെനീസ് കമ്യൂണിസ്റ്റു പാർട്ടി അംഗങ്ങൾക്കും ഈ നിലപാട് ബാധകമായിരിക്കും. ഇപ്പോൾ രാജ്യത്ത് തുടരുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും വീസ റദ്ദാക്കാനുള്ള നിർദേശങ്ങളും സർക്കാരിൻ്റെ പരിഗണയിലാണെന്നാണ് വിവരം.
ചൈനീസ് മിലിറ്ററി, സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങളിലെ എക്സിക്യൂട്ടീവുകൾ എന്നിവർക്കും യുഎസിലേക്കുള്ള യാത്ര പരിമിതപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും നിലവിലുണ്ട്. അതേസമയം പദ്ധതിയുടെ വിശദാംശങ്ങൾ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് അത് നിരസിച്ചേക്കുമെന്നും സൂചനയുണ്ട്.
എന്നാൽ ഹോങ്കോങ്ങിന്റെ സ്വയംഭരണാവകാശം ലംഘിച്ചതിന് ചൈനയെ ശിക്ഷിക്കുന്ന
നിയമനിര്‍മ്മാണത്തിലും എക്‌സിക്യൂട്ടീവ് ഉത്തരവിലും ഒപ്പുവെച്ചതായി ട്രംപ് ചൊവ്വാഴ്ച അറിയിച്ചിരുന്നു. ഗാൽവൻ താഴ്‌വരയിലെ സംഘർഷങ്ങളെ തുടർന്ന് ഇന്ത്യ ചൈനയ്‌ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. ഇപ്പോൾ അതിനോട് സമാനമായാണ് അമേരിക്കയും ചിന്തിക്കുന്നത്.
Post Your Comments