മധുര: കസ്‌റ്റഡി മരണത്തിലൂടെ രാജ്യത്തിനുതന്നെ അപമാനമായ സാത്താന്‍കുളത്തിന്റെ പേര് മാറ്റണമെന്നു നാട്ടുകാര്‍. ആ പേരില്‍ത്തന്നെ പൈശാചികതയുണ്ടെന്നും അവര്‍. ദിവസങ്ങള്‍ക്കു മുമ്പാണ് ഇവിടെ ജയരാജ്, മകന്‍ ജെ. ബെനിക്‌സ് എന്നിവര്‍ പോലീസ് കസ്‌റ്റഡിയില്‍ ദാരുണമായി കൊല്ലപ്പെട്ടത്. ശ്രീലങ്കയും ഇന്ത്യയുമായുള്ള വാണിജ്യത്തിന്റെ പ്രധാനകേന്ദ്രങ്ങളിലൊന്നായിരുന്നു മുമ്പ് ഇവിടം. സാത്താന്‍കുളം എന്ന പേരുമായി ബന്ധപ്പെട്ട് മറ്റൊരു കെട്ടുകഥ കൂടിയുണ്ട്.
കുലശേഖര പാണ്ഡ്യന്‍ ഭരിച്ചിരുന്ന കാലത്ത് സാത്താന്‍ സാംബവന്റെ കീഴിലായിരുന്നത്രേ ഈ പ്രദേശം. ഇയാള്‍ സ്‌ഥലത്തെ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായി. ഇതിനെ എതിര്‍ത്ത വീട്ടുകാര്‍ സാത്താനെ കൊന്നുകുഴിച്ചുമൂടി. അന്ന് ആ പെണ്‍കുട്ടി ശപിച്ചു: എന്റെ കുടുംബത്തെ ഇനി സാത്താന്‍ ഭരിക്കും. അങ്ങനെ സാത്താന്‍ ഭരിച്ചിടം സാത്താന്‍കുളമായതാണത്രേ. കൂടാതെ മറ്റൊരു കഥയും ഉണ്ട്, പതിനേഴാം നൂറ്റാണ്ടുവരെ സാത്താന്‍കുളം തിരുക്കോലുണ്ടുപുരം, വീരമാര്‍ത്താണ്ഡ നല്ലൂര്‍ എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നതെന്ന് സ്‌ഥലവാസിയായ അഡ്വ. എ.കെ. വേണുഗോപാല്‍.
സാത്തു എന്നാല്‍ തമിഴില്‍ കാളവണ്ടിയില്‍ എത്തിക്കുന്ന ചരക്ക് എന്നാണ് അര്‍ഥം. കുളം എന്നാല്‍ വിപണനകേന്ദ്രമെന്നും ചന്തയെന്നും. ഈ വാക്കുകള്‍ കൂടിച്ചേര്‍ന്നുണ്ടായ സാത്തുകുളം എന്ന വാക്കാകാം പിന്നീട് സാത്താന്‍കുളം എന്നു മാറിയതെന്നാണ് വേണുഗോപാലിന്റെ അനുമാനം.കഥയെന്തായാലും ആ ദുഷിച്ച പേര് മാറ്റണമെന്നുതന്നെയാണ് പ്രദേശവാസികള്‍ പലരും ആവശ്യപ്പെടുന്നത്.
Post Your Comments