COVID 19Latest NewsKeralaNews

സമൂഹത്തിൽ രോഗികളുണ്ട് എന്ന് കരുതി പ്രതിരോധ പ്രവർത്തനം നടത്തണം – മുഖ്യമന്ത്രി

തിരുവനന്തപുരം • എല്ലാ പ്രദേശത്തേയും ആളുകൾ അതത് പ്രദേശങ്ങളിൽ രോഗികളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും സമൂഹത്തിൽ രോഗികളുണ്ട് എന്ന് വിചാരിച്ചു തന്നെ പ്രതിരോധ പ്രവർത്തനം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

സംസ്ഥാനത്ത് ഇപ്പോൾ പത്ത് ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളാണുള്ളത്. ആകെ 84 ക്ലസ്റ്ററുകൾ ഉണ്ട്. അതുകൊണ്ടുതന്നെ ശ്രദ്ധയിൽപ്പെടാതെ രോഗവ്യാപനം നടക്കുന്ന ഇടങ്ങളും സംസ്ഥാനത്ത് ഉണ്ടാകാൻ സാധ്യതയുണ്ട്.

ആവർത്തിച്ചുറപ്പിക്കേണ്ടത് ശാരീരിക അകലം പാലിക്കുക, കൈകഴുകുക, മാസ്‌ക് ധരിക്കുക എന്നീ ബ്രേക്ക് ദി ചെയിൻ ജീവിത രീതികൾ തന്നെയാണ്. രോഗികളാകുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും സാമൂഹ്യമായി അകറ്റി നിർത്താതെ അവർക്കാവശ്യമായ സഹായം നൽകണം. കമ്പോളങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങിയവ കേന്ദ്രീകരിച്ച് രോഗവ്യാപനം നടക്കുന്നുവെന്നാണ് തിരുവനന്തപുരത്തെ അനുഭവം നമ്മെ പഠിപ്പിക്കുന്നത്.

പൊതുജനങ്ങൾ കൂട്ടത്തോടെ എത്തുന്നത് ഒഴിവാക്കണം. ആളുകൾ എത്തേണ്ട സ്ഥലങ്ങളിൽ സാനിറ്റൈസറുകൾ ലഭ്യമാക്കണം. സമൂഹത്തിൽ രോഗം പടർന്നു പിടിക്കാതിരിക്കുന്നതിനും അവശരായവരെ സംരക്ഷിക്കുന്നതിനും എല്ലാവരും മുൻഗണന കൊടുക്കണം. കോവിഡ് വ്യാപനത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കി ബഹുജന-മഹിള-യുവജന-ശാസ്ത്ര സംഘടനകളെല്ലാം ബ്രേക്ക് ദി ചെയിൻ മൂന്നാംഘട്ട പ്രചാരണപരിപാടി വമ്പിച്ച ജനകീയ പ്രസ്ഥാനമാക്കി വിജയിപ്പിക്കാൻ എല്ലാവരും മുന്നോട്ടുവരണം എന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

പുതിയ സാഹചര്യത്തിൽ ടെസ്റ്റുകളുടെ എണ്ണം പരമാവധി വർധിപ്പിക്കുന്നതിനോടൊപ്പം അതിവേഗം റിസൾട്ട് ലഭ്യമാക്കാനുള്ള നടപടികളും ഉണ്ടാകും. അതിനാവശ്യമായ മനുഷ്യവിഭവശേഷി വർധിപ്പിക്കും. സ്വകാര്യ ലാബുകൾ പരമാവധി ഉപയോഗപ്പെടുത്തും. പരിശോധനാ കേന്ദ്രങ്ങൾ കൂടുതൽ തുടങ്ങുന്നതിന് അടിയന്തര പ്രാധാന്യം നൽകും.

എല്ലാ പഞ്ചായത്തുകളിലും ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ സ്ഥാപിക്കും. 100 കിടക്കകളെങ്കിലുമുള്ള സെൻററാണ് ഓരോ പഞ്ചായത്തിലും ആരംഭിക്കുക. ഇതിന്റെ നടത്തിപ്പിനാവശ്യമായ ആരോഗ്യപ്രവർത്തകരെയും കണ്ടെത്തും.

ആരോഗ്യപ്രവർത്തകരെയാകെ അണിനിരത്തി പ്രതിരോധ പ്രവർത്തനം വിപുലപ്പെടുത്തും. ഏതു നിമിഷവും സേവനം ലഭ്യമാകുന്ന രീതിയിൽ സേനയെപ്പോലെ പ്രവർത്തിക്കുന്ന സംവിധാനമാണ് ഉണ്ടാക്കുന്നത്. സർക്കാർ ആശുപത്രികളുമായി ബന്ധപ്പെട്ടവർ മാത്രമല്ല, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കിലും പ്രവർത്തിക്കുന്നവരും ആരോഗ്യമേഖലയിൽ നിയോഗിക്കാൻ കഴിയുന്ന, വിദ്യാർത്ഥികൾ ഉൾപ്പെടെ എല്ലാവരും ഉൾക്കൊള്ളുന്ന ഒരു സംവിധാനം കൊണ്ടു മാത്രമാണ് നമുക്കു മുന്നേറാൻ കഴിയുക. സ്വകാര്യ ആശുപത്രികളെയും ക്ലിനിക്കുകളെയും നല്ല തോതിൽ ഇതുമായി സഹകരിപ്പിക്കും. അതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുക്കും.

കോവിഡ് 19 മഹാമാരിയെ നിസ്സാരവൽക്കരിക്കുന്ന കുറച്ചുപേരെങ്കിലും നമുക്ക് ചുറ്റുമുണ്ട്. ഈ രോഗം വന്നു മാറുന്നതാണ് നല്ലതെന്നും വിദേശത്തൊക്കെ ആളുകൾ ഒരുമിച്ച് തിങ്ങിപ്പാർത്തിട്ടും വലിയ കുഴപ്പങ്ങളൊന്നുമുണ്ടായില്ല എന്നുമുള്ള പ്രചരണം നടക്കുന്നുണ്ട്. കാര്യമായ ജാഗ്രതയുടെ ആവശ്യമില്ല എന്നതാണ് ഇത്തരം പ്രചരണങ്ങളുടെ കാതൽ. പക്ഷേ, ഇവർ പ്രധാനപ്പെട്ട ചില വസ്തുതകൾ കാണുന്നില്ല. അല്ലെങ്കിൽ അത്യന്തം ഹീനമായ ഉദ്ദേശ്യങ്ങൾ ഇത്തരക്കാർക്കുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button