ഈ അടുത്തകാലത്തായി ഏറെ പ്രതിഷേധം ഉയര്‍ന്ന സംഭവങ്ങളായിരുന്നു വാളയാര്‍ കേസും അതു പോലെ തന്നെ പാലത്തായി കേസും. പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്ന തരത്തിലുള്ള എഫ്‌ഐആര്‍ ആയിരുന്നു ഇലയില്‍ പ്രധാനമായും പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയ ഒരു കാര്യം. പോക്‌സോ കേസില്‍ പ്രതിയായ നിരവധി പ്രതികള്‍ക്കാണ് എഫ്‌ഐആറിലെ വീഴ്ചകള്‍കള്‍ കാരണം ജാമ്യം ലഭിച്ചതും ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെട്ടതും. പാലത്തായി കേസില്‍ തുടക്കം മുതല്‍ തന്നെ പൊലീസിനും ക്രൈംബ്രാഞ്ചിനും എതിരെ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കേസില്‍ പ്രതിക്ക് കൂട്ടുനില്‍ക്കുകയാണെന്നും അന്വേഷണം നേരായ രീതിയില്‍ അല്ല പോകുന്നതെന്നും തുടങ്ങി നിരവധി പരാമര്‍ശങ്ങള്‍.
കൂടാതെ ഇരയെ മാനസികമായി തളര്‍ത്താന്‍ ശ്രമിച്ചെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഇതാ പോക്‌സോ കേസില്‍ അറിഞ്ഞിരിക്കേണ്ട നിയമവ്യവസ്ഥകളെ കുറിച്ച് വ്യക്തമാക്കുകയാണ് അഡ്വക്കറ്റ് ഹരീഷ് വാസുദേവന്‍. പോക്‌സോ നിയമപ്രകാരം കേസെടുക്കാനുള്ള ഒരു പരാതിയും മൊഴിയും വന്നാല്‍ എഫ്‌ഐആര്‍ ഇടുക എന്നതാണ് പോലീസിന്റെ മുന്നിലുള്ള വഴിയെന്നും ഇട്ടില്ലെങ്കില്‍ പോലീസിനെതിരെ പോലും നടപടി എടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇനി എഫ്‌ഐആര്‍ ഇട്ട് കഴിഞ്ഞാല്‍ സിആര്‍പിസി 164 പ്രകാരം മജിസ്ട്രേറ്റിന്റെ മുന്‍പില്‍ ഇര മൊഴി നല്‍കണമെന്നും അന്വേഷണം നടത്തണമെന്നും 90 ദിവസത്തിനകം പറ്റുമെങ്കില്‍ ചാര്‍ജ് ഷീറ്റ് നല്‍കണമെന്നും അദ്ദേഹം പറയുന്നു.
അതേസമയം അന്വേഷണത്തില്‍ പോക്‌സോ നില്‍ക്കുമെന്ന് തോന്നിയാല്‍ മാത്രമേ അന്വേഷണ ഉദ്യോഗസ്ഥന് ചാര്‍ജ്ജ് ഷീറ്റില്‍ പോക്‌സോ ഉള്‍പ്പെടുത്താന്‍ കഴിയൂ. അത് അന്വേഷണ ഉദ്യോഗസ്ഥന്റെ ബോധ്യം ആണെന്നും ഹരീഷ് വാസുദേവന്‍ വ്യക്തമാക്കുന്നു. ഏതെങ്കിലും നിലയില്‍ അന്വേഷണ ഉദ്യോഗസ്ഥനോ അഭിഭാഷകനോ വീഴ്ച വന്നെന്നു തെളിഞ്ഞാല്‍ അവരും പോക്‌സോ അനുസരിച്ചുള്ള കേസില്‍ പ്രതിയാകുമെന്നും അത്തരത്തിലുള്ള ഒരു നിയമമാണ് ഉള്ളതെന്നും അദ്ദേഹം പറയുന്നു. എന്ത് രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്ന് പറഞ്ഞാലും, പണം കിട്ടുമെന്ന് പറഞ്ഞാലും, അത്ര വേണ്ടപ്പെട്ട ഒരു പ്രതിക്ക് വേണ്ടി പോലും, തെളിവുണ്ടെങ്കില്‍ ചാര്‍ജ് ഷീറ്റില്‍ നിന്ന് പോക്‌സോ ചാര്‍ജ് ഒരു ഓഫീസറും ഒഴിവാക്കില്ലെന്നും കാരണം ചാര്‍ജ് ഷീറ്റ് മജിസ്ട്രേറ്റ് പരിശോധനയ്ക്ക് വിധേയമാക്കുമ്പോഴും, ഇരയ്ക്ക് എതിര്‍ക്കാന്‍ അവസരമുള്ളപ്പോള്‍ പരിശോധന നടക്കും എന്നതിനാലും, തിരിച്ചടി കിട്ടിയാല്‍ ജോലിയും പോകും ജയിലിലുമാകും എന്നതാണ് കാരണമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
ഇത്രയൊക്കെ നിയമവ്യവസ്ഥകള്‍ ഉണ്ടെങ്കില്‍ തന്നെയും പ്രതിയെ ജാമ്യത്തില്‍ ഇറക്കണം എന്നാഗ്രഹമുള്ള പോലീസ് ഒന്നുകില്‍ 90 ദിവസത്തിനകം ചാര്‍ജ് ഷീറ്റ് കൊടുക്കാതെ അന്വേഷണം നീട്ടുമെന്നും അല്ലെങ്കില്‍ ലൂപ്പ് ഹോളുകള്‍ ഇട്ടു പോക്‌സോ ഇട്ടു ചാര്‍ജ് ഷീറ്റ് കൊടുക്കു അപ്പോള്‍ പ്രതിക്ക് ജാമ്യം കിട്ടുമെന്നും അല്ലാതെ ചാര്‍ജില്‍ നിന്ന് പോക്‌സോ കുറച്ചു കൊടുക്കില്ല. അത് പൊലീസിന് റിസ്‌ക് ആണെന്നും അദ്ദേഹം കുറിക്കുന്നു.
അഡ്വക്കറ്റ് ഹരീഷ് വാസുദേവന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
പോക്‌സോ നിയമപ്രകാരം കേസെടുക്കാനുള്ള ഒരു പരാതിയും മൊഴിയും വന്നാല്‍ FIR ഇടുക എന്നതാണ് പോലീസിന്റെ മുന്നിലുള്ള വഴി. ഇട്ടില്ലെങ്കില്‍ പോലീസിനെതിരെ പോലും നടപടി എടുക്കാം. അത് കഴിഞ്ഞാല്‍ CRPC 164 പ്രകാരം മജിസ്ട്രേറ്റിന്റെ മുന്‍പില്‍ ഇര മൊഴി നല്‍കണം. അന്വേഷണം നടത്തണം. 90 ദിവസത്തിനകം പറ്റുമെങ്കില്‍ ചാര്‍ജ് ഷീറ്റ് നല്‍കണം. അന്വേഷണത്തില്‍ പോക്‌സോ നില്‍ക്കുമെന്ന് തോന്നിയാല്‍ മാത്രമേ അന്വേഷണ ഉദ്യോഗസ്ഥന് ചാര്‍ജ്ജ് ഷീറ്റില്‍ പോക്‌സോ ഉള്‍പ്പെടുത്താന്‍ കഴിയൂ. അത് അന്വേഷണ ഉദ്യോഗസ്ഥന്റെ conviction ആണ്.
ഏതെങ്കിലും നിലയില്‍ അന്വേഷണ ഉദ്യോഗസ്ഥനോ അഭിഭാഷകനോ വീഴ്ച വന്നെന്നു തെളിഞ്ഞാല്‍ അവരും പോക്‌സോ അനുസരിച്ചുള്ള കേസില്‍ പ്രതിയാകും എന്ന, ഡമോക്ലസിന്റെ വാള്‍ പോലെയുള്ള ഒരു നിയമമാണ് അവരുടെ തലയ്ക്ക് മുകളില്‍ തൂങ്ങുന്നത്. എന്ത് രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്ന് പറഞ്ഞാലും, പണം കിട്ടുമെന്ന് പറഞ്ഞാലും, അത്ര വേണ്ടപ്പെട്ട ഒരു പ്രതിക്ക് വേണ്ടി പോലും, തെളിവുണ്ടെങ്കില്‍ ചാര്‍ജ് ഷീറ്റില്‍ നിന്ന് പോക്‌സോ ചാര്‍ജ് ഒരു ഓഫീസറും ഒഴിവാക്കില്ല. കാരണം ചാര്‍ജ് ഷീറ്റ് മജിസ്ട്രേറ്റ് പരിശോധനയ്ക്ക് വിധേയമാക്കുമ്പോഴും, ഇരയ്ക്ക് എതിര്‍ക്കാന്‍ അവസരമുള്ളപ്പോള്‍ പരിശോധന നടക്കും എന്നതിനാലും, തിരിച്ചടി കിട്ടിയാല്‍ ജോലിയും പോകും ജയിലിലുമാകും. അപ്പോള്‍ പ്രതിയെ ജാമ്യത്തില്‍ ഇറക്കണം എന്നാഗ്രഹമുള്ള പോലീസ് എന്ത് ചെയ്യും? ഒന്നുകില്‍ 90 ദിവസത്തിനകം ചാര്‍ജ് ഷീറ്റ് കൊടുക്കാതെ അന്വേഷണം നീട്ടും. അപ്പോള്‍ പ്രതിക്ക് ജാമ്യം കിട്ടും. അല്ലെങ്കില്‍ ലൂപ്പ് ഹോളുകള്‍ ഇട്ടു പോക്‌സോ ഇട്ടു ചാര്‍ജ് ഷീറ്റ് കൊടുക്കും. അപ്പോഴും ജാമ്യം കിട്ടും. അല്ലാതെ ചാര്‍ജില്‍ നിന്ന് പോക്‌സോ കുറച്ചു കൊടുക്കില്ല. അത് പൊലീസിന് റിസ്‌ക് ആണ്.
FIR ല്‍ ഉണ്ടായിരുന്ന പോക്‌സോ, ചാര്‍ജ് ഷീറ്റില്‍ ഇല്ലാതെ പോയതിനു അത്രമേല്‍ നല്ല കാരണങ്ങള്‍ വേണം. അതുണ്ടോ? വിശ്വസനീയമായ കാരണങ്ങള്‍ ഇല്ലെങ്കില്‍ ഇത് പ്രോസിക്യൂഷന്റെ, ആഭ്യന്തര വകുപ്പിന്റെ അക്ഷന്തവ്യമായ കുറ്റമാകും. വാളയാര്‍ കേസിന്റെ അനുഭവത്തില്‍, IG ലെവലില്‍ ഉള്ള ഉദ്യോഗസ്ഥന്റെ സ്‌ക്രൂട്ടിനി ഉണ്ട്. വീഴ്ച ഉണ്ടെങ്കില്‍ IG യുടെ ജോലി തെറിക്കേണ്ട കുറ്റമാണ് ഇത്.
ഇതിലെ യഥാര്‍ത്ഥ സത്യം കണ്ടെത്താന്‍ നമ്മള്‍ എന്ത് വേണം? പരാതി, മൊഴികള്‍, തെളിവുകള്‍, ചാര്‍ജ് ഷീറ്റ് എന്നിവ വെച്ചു പരിശോധിക്കണം. യുക്തിസഹമായ കാരണങ്ങള്‍ ഉണ്ടോ എന്ന് നോക്കണം. ഇതൊന്നും കാണാതെ ആരെങ്കിലും പ്രോസിക്യൂഷനെപ്പറ്റി കുറ്റവിചാരണ തുടങ്ങിയിട്ടുണ്ടെങ്കില്‍ അത് മുന്‍വിധിയാണ്. നിയമം പ്രവര്‍ത്തിക്കുന്നത് അവരുടെ വഴിക്കല്ല.
വാളയാര്‍ കേസില്‍ ഞാന്‍ എന്റെ നിലപാട് പറഞ്ഞത്, ഈ രേഖകള്‍ വായിച്ച ശേഷമാണ്. അക്ഷന്തവ്യമായ കുറ്റം സര്‍ക്കാര്‍ കാണിച്ചു എന്നത് തെളിവ് സഹിതമാണ് പറഞ്ഞത്. എല്ലാവരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടും സമരം ചെയ്തും നടന്നപ്പോള്‍ സര്‍ക്കാരിനെക്കൊണ്ടു പഴുതില്ലാത്ത അപ്പീല്‍ നല്‍കിക്കുക എന്ന, റിസള്‍ട്ട് ഉണ്ടാക്കാന്‍ കഴിയുന്ന ഏക പണിയുടെ പിറകേ ആയിരുന്നു ഞാന്‍. ഇപ്പോഴും അതേ. അത് ഹൈക്കോടതി മുന്‍പാകെയുണ്ട്. എന്തെങ്കിലും നടക്കുമെങ്കില്‍ അത് ഫേസ്ബുക്കില്‍ അല്ല, നിയമപരമായ ഇടപെടലില്‍ ആണ് എന്നാണ് എന്റെ ബോധ്യം. അന്ന് ബഹളം വെച്ച രാഷ്ട്രീയക്കാരില്‍ എത്രപേര്‍ ഇപ്പോഴാ കേസില്‍ നീതിക്കായി ഉണ്ടെന്ന് നോക്കിയാല്‍ ഈ ബഹളങ്ങളുടെ നൈമിഷികതയും ആത്മാര്‍ത്ഥതയില്ലായ്മയും ബോധ്യമാകും. ഉള്ളത് കുറച്ചു നല്ല മനുഷ്യര്‍ മാത്രം.
സര്‍ക്കാരിനെ എതിര്‍ക്കേണ്ടവര്‍ക്ക് അങ്ങനെയും പിന്തുണയ്‌ക്കേണ്ടവര്‍ക്ക് അങ്ങനെയും ചെയ്യാന്‍ ഒരു തെളിവും ആവശ്യമില്ല. പറയുന്നതില്‍ ഒരു അക്കൗണ്ടബിലിറ്റിയും വേണ്ട. അവര്‍ തുടര്‍ന്നും അവരവരുടെ ന്യായീകരണങ്ങള്‍ തുടരട്ടെ. അതിലെത്രപേര്‍ ചാര്‍ജ് ഷീറ്റ് വായിച്ചിട്ടുണ്ടാകും??
പറഞ്ഞു വന്നത്, പാലത്തായി കേസില്‍ പ്രാഥമികമായി ഞെട്ടല്‍ ഉണ്ട്. വലിയ ഞെട്ടല്‍. പ്രത്യേകിച്ചും ഒരു BJP പ്രതി. കേരളാ പോലീസ് ഇതും ചെയ്യും ഇതിനപ്പുറവും ചെയ്യും. പക്ഷെ ആ കേസിന്റെ മെറിറ്റില്‍ ഒരു വാക്ക് പറയണമെങ്കില്‍ ചാര്‍ജ്ജ് ഷീറ്റും അനുബന്ധ രേഖകളും കാണണം. അത് വായിച്ച ആളുകള്‍ ഉണ്ടെങ്കില്‍ ഷെയര്‍ ചെയ്താല്‍ ഉപകാരമാവും. ഇല്ലെങ്കില്‍ അത് കിട്ടുംവരെ എന്റെ നിലപാടിനായി കാക്കണം. 10 ദിവസത്തിനുള്ളില്‍ കിട്ടിയേക്കും എന്നു കരുതുന്നു. അത് വായിച്ചു കഴിഞ്ഞു പറയാം എന്റെ നിലപാട്. നിലപാട് പൊലീസിന് എതിരാണെങ്കില്‍ അതൊരു ഫേസ്ബുക്ക് പോസ്റ്റിലോ അഭിപ്രായത്തിലോ തീരില്ല എന്നുമാത്രം ഇപ്പോള്‍ പറയാം.
Post Your Comments