
ന്യൂഡൽഹി : അയോധ്യയെയും ശ്രീരാമനെയും കുറിച്ചുള്ള നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയുടെ പ്രസ്താവനയ്ക്കു മറുപടിയുമായി വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ. ഇന്ത്യയുടെ സാംസ്കാരിക പൈതൃകം ലോകം മുഴുവൻ അറിയപ്പെടുന്നതാണെന്ന് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ശ്രീരാമൻ നേപ്പാൾ സ്വദേശിയായിരുന്നുവെന്നും യഥാർഥ അയോധ്യ നേപ്പാളിലാണെന്നുമാണ് ഒലി പറഞ്ഞത്. തെക്കൻ നേപ്പാളിലെ തോറിയിലാണു രാമൻ ജനിച്ചത്. ഇന്ത്യയിൽ അയോധ്യ എവിടെ എന്നതിലും തർക്കമുണ്ട്. എന്നാൽ നേപ്പാളിലാണ് അയോധ്യ എന്നതിൽ ഞങ്ങൾക്ക് ഒരു തർക്കവുമില്ല. കഠ്മണ്ഡുവിൽനിന്ന് 135 കിലോമീറ്റർ സഞ്ചരിച്ചാലെത്തുന്ന ബിർഗുഞ്ചിനടുത്താണു ഹിന്ദുമത വിശ്വാസ പ്രകാരമുള്ള അയോധ്യ. ശ്രീരാമനു സീതയെ നൽകിയതു നേപ്പാളാണ്. വസ്തുതകൾ അപഹരിക്കപ്പെട്ടെന്നും അടിച്ചമർത്തപ്പെട്ടെന്നും നേപ്പാൾ പ്രധാനമന്ത്രിപറഞ്ഞു.
അതേസമയം നേപ്പാൾ പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപിയും കോൺഗ്രസും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഒലിയുടെ മാനസികനില തെറ്റിയിരിക്കുകയാണെന്നു കോൺഗ്രസും ഒലിക്കു മാനസിക പ്രശ്നമാണെന്നു ബിജെപിയും കുറ്റപ്പെടുത്തി. അയോധ്യയിലെ സന്ന്യാസി സമൂഹവും വിമർശനമുയർത്തിയിരുന്നു.
Post Your Comments