Latest NewsNewsBusiness

ഫെഡറല്‍ ബാങ്ക് പ്രവര്‍ത്തന ലാഭത്തില്‍ 19% ലാഭ വര്‍ധന

കൊച്ചി: ജൂണ്‍ 30ന് അവസാനിച്ച 2020-21 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ മികച്ച പ്രവര്‍ത്തന ഫലവുമായി ഫെഡറല്‍ ബാങ്ക്. 932.38 കോടി രൂപ പ്രവര്‍ത്തനം ലാഭം നേടി. മുന്‍ സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തെ അപേക്ഷിച്ച് 19.11 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ആകെ വരുമാനം 3932.52 കോടി രൂപയിലെത്തി. ജൂണില്‍ അവസാനിച്ച ത്രൈമാസത്തിലെ അറ്റാദായം 400.77 കോടി രൂപയാണ്. അറ്റ പലിശ വരുമാനം എക്കാലത്തേയും ഉയര്‍ന്ന നിരക്കായ 1296.44 കോടി രൂപയിലെത്തി. സ്വര്‍ണ വായ്പ 36.19 ശതമാനം വര്‍ധിച്ച് 10,243 കോടി രൂപയിലുമെത്തി. മൊത്ത സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങള്‍ 21 ശതമാനം വര്‍ധിച്ച് 42,059 കോടി രൂപയായി. ഈ പാദത്തില്‍ നേടിയ 47.76 ശതമാനമെന്ന ചെലവ്-വരുമാന അനുപാതം കഴിഞ്ഞ 25 പാദങ്ങളിലെ ഏറ്റവും മികച്ച നിരക്കാണ്.

നൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും പ്രയാസകരമെന്നു പറയാവുന്ന പ്രവര്‍ത്തന സാഹചര്യത്തിലും വളരെ ആരോഗ്യകരമായ പ്രകടനം പുറത്തെടുക്കാന്‍ ബാങ്കിനു സാധിച്ചുവെന്ന് ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. ‘എല്ലാ വെല്ലുവിളികളേയും ധീരമായി നേരിടുകയും നില ഭദ്രമാക്കുകയും ചെയ്തത് മാതൃകാപരമായ നേട്ടമാണ്. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി കഴിഞ്ഞ 20 പാദങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കായ 1.22 ശതമാനമാണ്. ചെലവ്-വരുമാന അനുപാതം കാര്യമായി മെച്ചപ്പെട്ടതും ബാങ്കിനെ സംബന്ധിച്ചിടത്തോളം മികച്ച നേട്ടമാണ്. വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ മൊത്തത്തില്‍ പ്രോത്സാഹനാര്‍ഹമായ ത്രൈമാസമാണ് കടന്നു പോയത്. ജാഗ്രതയോടെ തന്നെ വളര്‍ച്ച ഇനിയും ഉറപ്പുവരുത്താന്‍ ഇത് പ്രചോദനം നല്‍കുന്നു,’ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.

നടപ്പു സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ ബാങ്കിന്റെ ആകെ ബിസിനസ് മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 12.95 ശതമാനം വര്‍ധിച്ച് 276234.70 കോടി രൂപയിലെത്തി. മൊത്തം നിക്ഷേപം 16.90 ശതമാനം വര്‍ധിച്ച് 154937.74, അറ്റ വായ്പകള്‍ 8.27 ശതമാനം വര്‍ധിച്ച് 1,21,296.96 കോടി രൂപയിലുമെത്തി. പ്രവാസി നിക്ഷേപം 18.62 ശതമാനം വര്‍ധിച്ച് 60273.83 കോടി രൂപയായി.

സ്വര്‍ണ വായ്പയുടെ കുത്തനെയുള്ള വര്‍ധനയ്‌ക്കൊപ്പം റീട്ടെയ്ല്‍ വായ്പകള്‍ 15.58 ശതമാനം വര്‍ധിച്ചു. ബിസിനസ് ബാങ്കിങ് വായ്പകള്‍ 14.08 ശതമാനം വര്‍ധിച്ച് 10512.29 കോടി രൂപയിലും കാര്‍ഷിക വായ്പകള്‍ 14.04 വര്‍ധിച്ച് 13644.70 കോടി രൂപയിലുമെത്തി. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് അറ്റ പലിശ വരുമാനം 12.33 ശതമാനം വര്‍ധിച്ച് 1296.44 കോടി രൂപയായി. ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം ബാങ്കിന്റെ അറ്റ മൊത്ത വരുമാനം 15.47 ശതമാനം വര്‍ധിച്ച് 1784.81 കോടി രൂപയിലെത്തി.

പുതിയ സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി 3655.59 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 2.96 ശതമാനം ആണിത്. അറ്റ നിഷ്‌ക്രിയ ആസ്തി 1.22 ശതമാനമെന്ന മെച്ചപ്പെട്ട നിരക്കിലുമാണ്. സാങ്കേതിക എഴുതിത്തള്ളല്‍ ഉള്‍പ്പെടെയുള്ള പ്രൊവിഷന്‍ കവറേജ് റേഷ്യോ കാര്യമായി ശക്തിപ്പെടുത്തി. 75.09 ശതമാനമെന്ന നിരക്കിലാണിത്. മൂലധന പര്യാപ്തതാ അനുപാതം 14.17 ശതമാനമാണ്. 68.79 രൂപയായിരുന്ന ഓഹരിയുടെ ബുക്ക് വാല്യൂ 74.85 രൂപയായി വര്‍ധിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button